ചെന്നൈ: തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത് നായകനാകുന്ന ചിത്രത്തിൽ താര രാജാവ് മോഹൻലാലും. രജനിയുടെ പുതിയ ചിത്രമായ ‘ജയിലറി’ൽ അതിഥി വേഷത്തിൽ മോഹൻലാൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ രജികാന്തും മോഹൻലാലും ഒന്നിക്കുന്ന ആദ്യ ചിത്രമാകും ജയിലർ.
തമിഴിലെ പ്രമുഖ ട്രേഡ് അനലിസ്റ്റുകളാണ് ചിത്രത്തിൽ ഇരുവരും ഒന്നിക്കുന്നുവെന്ന വാർത്തകൾ പുറത്തുവിട്ടിരിക്കുന്നത്. ചെറിയ വേഷമായതിനാൽ മൂന്നോ നാലോ ദിവസമായിരിക്കും മോഹൻലാലിന് ഷൂട്ടിംഗ് ഉണ്ടാകുക എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
കന്നഡ സൂപ്പർതാരം ശിവ്‌രാജ് കുമാറും അഭിനയിക്കുന്നുവെന്നാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. തമിഴ്, മലയാളം, കന്നഡ സിനിമകളിലെ സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ചിത്രം വലിയ പ്രതീക്ഷയാണ് തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് നൽകുന്നത്.
വിജയ് നായകനായ ചിത്രം ബീസ്റ്റിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നതും അദ്ദേഹമാണ്. രമ്യ കൃഷ്ണൻ, വിനായകൻ, യോഗി ബാബു തുടങ്ങി വൻ താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. റാമോജി റാവു ഫിലിം സിറ്റിയിലും പരിസരങ്ങളിലുമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്.
അതേസമയം വാർത്തകൾക്ക് പിന്നാലെ വലിയ ആവേശത്തിലാണ് രജനി- മോഹൻലാൽ ആരാധകർ.








