ന്യൂഡൽഹി : ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നടന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായത് 89 റോഹിങ്ക്യൻ കുടിയേറ്റക്കാർ. പിടിയിലായ 501 അക്രമികളിൽ 89 പേർ റോഹിങ്ക്യൻ കുടിയേറ്റക്കാരാണെന്ന് കണ്ടെത്തി. 2022 ലെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മേഘാലയ, ത്രിപുര അതിർത്തികളിൽ നിന്നാണ് ഇവരെ പിടികൂടിയത് എന്ന് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
30 പേരെ മേഘാലയ അതിർത്തിയിൽ നിന്നും 59 പേരെ ത്രിപുര അതിർത്തിയിൽ നിന്നുമാണ് പിടികൂടിയത്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ വിവിധ ഭാഗങ്ങളിലായി നടത്തിയ ഓപ്പറേഷനുകളിലാണ് ഇവർ പിടിയിലായത്.
അതിർത്തി കേന്ദ്രീകരിച്ചുളള കള്ളക്കടത്തും ആക്രമണങ്ങളും വർദ്ധിച്ചുവരികയാണ്. ആയുധങ്ങളും സ്ഫോടക വസ്തുക്കളും മയക്കുമരുന്നും ഉൾപ്പെടെ അന്താരാഷ്ട്ര അതിർത്തിയിലൂടെ കടത്തുന്നുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന രാജ്യവിരുദ്ധ ശക്തികളെ ഇല്ലാതാക്കാൻ വേണ്ടി ബിഎസ്എഫ് നിരന്തരം പരിശ്രമങ്ങൾ നടത്തിവരികയാണ്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 21 കോടി രൂപ വിലവരുന്ന സാധനങ്ങളാണ് അതിർത്തിയിൽ നിന്ന് സുരക്ഷാ സേന പിടിച്ചെടുത്തത്. കന്നുകാലി, മദ്യം, യാബ ടാബ്ലറ്റുകൾ, ഫെൻസിഡിൽ, കഞ്ചാവ്, സ്വർണം, എന്നിവയാണ് പ്രധാനമായും അതിർത്തിയിലൂടെ കടത്തുന്നത് എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ത്രിപുരയിൽ ഒരു വർഷത്തിനിടെ ബിഎസ്എഫ് 1,813 കന്നുകാലികളെ കള്ളക്കടത്തിൽ നിന്ന് വിജയകരമായി രക്ഷപ്പെടുത്തി. 66,608 കുപ്പി ഫെൻസഡിൽ, 18685 കിലോഗ്രാം കഞ്ചാവ്, 1,14,658 യബ ഗുളികകൾ, 86.252 ഗ്രാം സ്വർണം, വെള്ളി, 1513.38 ഗ്രാം ബ്രൗൺ ഷുഗർ എന്നിവയും പിടിച്ചെടുത്തു. 48,35,853 ബംഗ്ലാദേശ് കറൻസിയായ ടാക്കയും 58,34,75,618 രൂപ വിലമതിക്കുന്ന വിവിധ വസ്തുക്കളും പിടിച്ചെടുത്തു. ത്രിപുരയിലെ 644.71 ഏക്കറിൽ അനധികൃതമായി കൃഷി ചെയ്ത ഏകദേശം 24,93,300 കഞ്ചാവ് തൈകൾ നശിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
Discussion about this post