കുഞ്ഞു ജലദോഷമോ പനിയോ വരുമ്പോഴേക്കും ഓടിപ്പോയി ആന്റിബയോട്ടിക്കുകളുടെ സഹായം തേടുന്ന പ്രവണത നമ്മളിൽ പലർക്കും തുടങ്ങിയിട്ട് കുറച്ചധികം കാലമായി. വിദഗ്ധർ വിലക്കിയിട്ടും സ്വന്തം ഇഷ്ടപ്രകാരം മരുന്ന് വാങ്ങിക്കഴിച്ച് താത്കാലിക ആശ്വാസം കണ്ടെത്തുന്നതാണ് പതിവ്. ജിഎസ്ടി വകുപ്പിന്റെ 2020ലെ കണക്കുപ്രകാരം, അരി വാങ്ങാൻ 3000 കോടി രൂപ ചെലവിടുന്ന മലയാളി മരുന്നു വാങ്ങാൻ 7,237 കോടി രൂപ ചിലവിടുന്നുണ്ടത്രേ.
ചെറിയ പനിയ്ക്കും വൈറൽ ബ്രോങ്കൈറ്റിസിനും (ശ്വാസകോശ രോഗം) ആന്റിബയോട്ടിക് നൽകരുതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് മാർഗനിർദേശം നൽകിയിരുന്നു. മരുന്നുകൾ കുറിച്ചുനൽകുമ്പോൾ ഡോക്ടർമാർ ശ്രദ്ധിക്കണമെന്നാണ് ഐസിഎംആറിന്റെ നിർദേശം.
കമ്യൂണിറ്റി ന്യൂമോണിയ, വെന്റിലേറ്ററിൽ ചികിത്സയിലിരിക്കുമ്പോൾ പകരുന്ന ന്യൂമോണിയ, കടുത്ത രക്തദൂഷ്യം, സെപ്റ്റിക് ഷോക്ക്, മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ എന്നീ രോഗങ്ങൾക്ക് മാത്രമേ എംപരിക്കൽ ആന്റിബയോട്ടിക് ചികിത്സ നൽകാവൂ അത്രേ.
കാര്യം മരുന്ന് കഴിക്കുന്നത് രോഗം മാറാനാണെങ്കിലും ഓരോന്നിനും അതിന്റേതായ സമയവും അളവും എല്ലാം ഉണ്ട്. ഇത് പരിഗണിച്ചു വേണം ക്യാപ്‌സ്യൂളുകൾ അകത്താക്കാൻ.
നേരത്തെ വാങ്ങിയ കുറിപ്പടി ഉപയോഗിച്ച് പിന്നീട് അസുഖം വരുമ്പോൾ മരുന്നുവാങ്ങുന്ന രീതി ശരിയല്ല.രോഗിയുടെ ആ സമയത്തുള്ള ശാരീരികാവസ്ഥ പരിശോധിച്ചാലേ മുൻപ് കുറിച്ച മരുന്ന് രോഗിക്ക് ഫലിക്കുമോ എന്ന് ഉറപ്പിക്കാൻ പറ്റൂ. അതുപോലെ മറ്റൊരാൾ ഉപയോഗിച്ച മരുന്ന് കൈമാറാനും പാടില്ല. മരുന്ന് അധിക അളവിൽ കഴിക്കുന്നത് ചർദ്ദി, വയറിളക്കം എന്തിന് മരണത്തിന് വരെ കാരണമാകാം.
Discussion about this post