പുലർച്ചെ ഹോട്ടൽ മുറിയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തെളിവുകളുടെ പെരുമഴയാണ് പോലീസ് നിരത്തുന്നത്. നിലവിൽ വിദേശത്തുള്ള യുവതി ഇമെയിൽ വഴി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ലൈംഗിക പീഡനത്തിനൊപ്പം ഗുരുതരമായ സാമ്പത്തിക ചൂഷണവും നടന്നുവെന്നാണ് പത്തനംതിട്ട സ്വദേശിനിയായ പരാതിക്കാരി വെളിപ്പെടുത്തിയിരിക്കുന്നത്.
പരാതിക്കാരിയായ യുവതി തന്റെ വിവാഹജീവിതത്തിൽ ഗുരുതരമായ പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരുന്ന സമയത്താണ് രാഹുൽ മാങ്കൂട്ടത്തിലിനെ സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്നത്. ആ കാലയളവിൽ രാഹുൽ നൽകിയ പിന്തുണയും വാഗ്ദാനങ്ങളുമാണ് പിന്നീട് അടുത്ത ബന്ധത്തിലേക്ക് നയിച്ചതെന്നാണ് യുവതിയുടെ മൊഴിയിൽ പറയുന്നത്. തന്റെ മാനസികാവസ്ഥയെ രാഹുൽ ചൂഷണം ചെയ്യുകയായിരുന്നുവെന്നും, പിന്നീട് ലൈംഗികമായും സാമ്പത്തികമായും പീഡിപ്പിച്ചുവെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം.
രാഹുലിന് വിലകൂടിയ വാച്ചുകളും വസ്ത്രങ്ങളും സൗന്ദര്യവർദ്ധക വസ്തുക്കളും വാങ്ങി നൽകിയതായി യുവതി മൊഴി നൽകി. പതിനായിരം രൂപയുടെ ചെരുപ്പ് വാങ്ങാൻ രാഹുലിന് യുപിഐ വഴി പണം അയച്ചു നൽകിയതിന്റെ ഡിജിറ്റൽ തെളിവുകൾ പോലീസ് ശേഖരിച്ചു. ലൈംഗിക ബന്ധത്തിനിടെ ക്രൂരമായി മർദ്ദിച്ചതായും മുഖത്ത് തുപ്പുകയും ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കുകയും ചെയ്തതായും യുവതി ആരോപിക്കുന്നു.
ഗർഭിണിയാണെന്ന വിവരം അറിയിച്ചപ്പോൾ അസഭ്യം പറഞ്ഞു. മറ്റ് ആരുടെയെങ്കിലും കുഞ്ഞാകുമെന്ന് അധിഷേപിച്ചു. ഇതിൽ മനംനൊന്താണ് ഡിഎൻഎ പരിശോധനക്കായി പോയത്. രാഹുലിനോട് സാമ്പിൾ നൽകാൻ ലാബിൽ നിന്ന് ആവശ്യപ്പെട്ടു. പക്ഷെ, ഡിഎൻഎ പരിശോധനയോട് രാഹുൽ സഹകരിച്ചില്ല എന്നും യുവതി പറയുന്നു.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഒന്നും സംഭവിക്കാത്ത പോലെ വിവാഹശേഷം ഒരുമിച്ച് താമസിക്കാനായി പാലക്കാട് ഒരു ഫ്ലാറ്റ് വാങ്ങിത്തരണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ഇതിനായി ഇരുവരും ചേർന്ന് ‘ബിൽടെക് ഗ്രൂപ്പിനെ’ സമീപിച്ചെങ്കിലും ഇടപാട് നടന്നില്ല. ഫ്ലാറ്റ് വാങ്ങാനെന്ന പേരിലും മറ്റും പലപ്പോഴായി രാഹുൽ യുവതിയിൽ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ട്. രാഹുലിനെതിരെ മറ്റ് ലൈംഗികാതിക്രമ പരാതികൾ ഉയർന്നപ്പോൾ താനും പരാതി നൽകുമെന്ന് യുവതി പറഞ്ഞു. ഇതോടെ രാഹുൽ പ്രകോപിതനാവുകയും യുവതിയുടെ അച്ഛനെയും അമ്മയെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. കുടുംബത്തെ മുഴുവൻ ഇല്ലാതാക്കുമെന്നായിരുന്നു രാഹുലിന്റെ ഭീഷണി.
ഉപതിരഞ്ഞെടുപ്പ് സമയത്ത് വോട്ടർമാർക്കിടയിൽ മാന്യനായി നടക്കുമ്പോഴും തന്നോട് ക്രൂരമായ രീതിയിലാണ് പെരുമാറിയതെന്ന് യുവതി മൊഴി നൽകി. ബലാത്സംഗം, ഗർഭഛിദ്രം എന്നീ ഗുരുതരമായ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.









Discussion about this post