രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വ്യത്യാസങ്ങൾ മാറ്റിവെച്ച് തിരുവനന്തപുരം നഗരത്തിന്റെ വികസനത്തിനായി കൗൺസിലർമാർ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. നഗരസഭയിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരുമായി ലോക് ഭവനിൽ നടത്തിയ വികസന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരത്തിന്റെ പുരോഗതിക്കായി ജനപ്രതിനിധികൾക്കിടയിൽ ഒത്തൊരുമയും വ്യക്തമായ കാഴ്ചപ്പാടും അത്യാവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഗവർണർ കൗൺസിലർമാർക്കായി ചായസൽക്കാരവും വികസന ചർച്ചയും സംഘടിപ്പിച്ചിരുന്നു.രാഷ്ട്രീയം തിരഞ്ഞെടുപ്പ് വരെ മാത്രമായിരിക്കണം. വികസന കാര്യങ്ങളിൽ എല്ലാ പാർട്ടികളും ഒരുമിച്ച് നിൽക്കണമെന്നും ഗവർണ്ർ കൌൺസിലർമാരെ ഓർമ്മിപ്പിച്ചു .
സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും മുൻഗണന നൽകണം.രാജ്യത്തെ തന്നെ മികച്ച നഗരങ്ങളിലൊന്നായി തിരുവനന്തപുരത്തെ മാറ്റാൻ കൗൺസിലർമാർക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മേയർ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയർ ആശാ നാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള കൗൺസിലർമാർ പരിപാടിയിൽ പങ്കെടുത്തു. നഗരസഭയിലെ ബിജെപി ഭരണസമിതി അധികാരമേറ്റതിന് പിന്നാലെയാണ് ഗവർണർ കൗൺസിലർമാരെ ലോക് ഭവനിലേക്ക് ക്ഷണിച്ചത്. , പ്രതിപക്ഷ കക്ഷികളായ എൽഡിഎഫ്, യുഡിഎഫ് അംഗങ്ങളുടെ പങ്കാളിത്തവും ചടങ്ങിൽ ശ്രദ്ധേയമായി.













Discussion about this post