ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് കൈക്കൊണ്ട നിലപാട് വ്യക്തമാക്കിക്കൊണ്ട് കെ. മുരളീധരൻ രംഗത്തെത്തി. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ഒരാളുടെ പ്രവൃത്തികൾക്ക് മറുപടി പറയാൻ കോൺഗ്രസിന് ബാധ്യതയില്ലെന്ന് അദ്ദേഹം കടുപ്പിച്ചു പറഞ്ഞു.
“രാഹുൽ തെറ്റ് ചെയ്തുവെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് തന്നെ പാർട്ടി അത് പ്രയോഗിച്ചിട്ടുണ്ട്. തങ്ങളുടെ കൂട്ടത്തിൽ നിർത്താൻ കൊള്ളാത്ത ആളായതുകൊണ്ടാണ് ഇത്തരമൊരു നടപടി എടുത്തത്.” അദ്ദേഹം പറഞ്ഞു. സസ്‌പെൻഷനിലും തുടർന്ന് പുറത്താക്കൽ നടപടിയിലും ഇരിക്കുന്ന ഒരാൾ ചെയ്യുന്ന കാര്യങ്ങൾക്ക് ഉത്തരവാദിത്തം പറയാൻ പാർട്ടിക്ക് സൗകര്യമില്ല. അർഹമായ ശിക്ഷ സർക്കാരും പോലീസും നൽകണം.
രാഹുലിന്റെ ഇത്തരം മോശം പ്രവർത്തികളെ പരിഹസിച്ചുകൊണ്ട് വടക്കൻ പാട്ടിലെ വരികൾ മുരളീധരൻ ഉദ്ധരിച്ചു. “ഒതേനൻ ചാടാത്ത മതിലുകൾ ഇല്ല” എന്ന് പറഞ്ഞ അദ്ദേഹം, കോൺഗ്രസ് ജനങ്ങളെ സേവിക്കാനുള്ള പാർട്ടിയാണെന്നും ഇത്തരം ‘കളരികൾക്കുള്ളതല്ല’ എന്നും ഓർമ്മിപ്പിച്ചു. സ്വർണ്ണം കട്ടവരെയും സ്ത്രീലമ്പടന്മാരെയും പ്രോത്സാഹിപ്പിക്കുന്നത് കോൺഗ്രസ് നയമല്ല. തെറ്റുകാരനെ ന്യായീകരിക്കാൻ താനില്ലെന്നും മുരളീധരൻ വ്യക്തമാക്കി.









Discussion about this post