കാസർകോട്: കുഴിമന്തിയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. ഉദുമയിലെ അൽ റൊമൻസിയ ഹോട്ടൽ ഉടമയെയും രണ്ട് ജീവനക്കാരെയുമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്തതിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും.
ഉച്ചയോടെയായിരുന്നു മൂന്ന് പേരെയും കസ്റ്റഡിയിൽ എടുത്തത്. പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. നിലവിൽ അസ്വാഭാവിക മരണത്തിന് കേസ് എടുത്താണ് പോലീസ് അന്വേഷണം നടത്തുന്നത്.
തലക്ലായി സ്വദേശിനി അഞ്ജുശ്രീ പാർവതി (19) ആണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന പെൺകുട്ടി ക്രിസ്തുമസ് അവധിയ്ക്കാണ് നാട്ടിലെത്തിയത്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പെൺകുട്ടി ഓൺലൈൻ ആയി ഹോട്ടലിൽ നിന്നും കുഴിമന്തി വാങ്ങി. ഇത് കഴിച്ചതിന് പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസത്തോടെ അഞ്ജുശ്രീയുടെ ആരോഗ്യനില മോശമാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത് എന്ന് വ്യക്തമായതോടെ അടച്ച് പൂട്ടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.












