ബംഗളൂരു:ശ്രീരാംസേനയുടെ ജില്ലാ പ്രസിഡന്റിന് നേരെ അജ്ഞാതരുടെ ആക്രമണം. വെടിവെയ്പ്പിൽ ശ്രീരാംസേന ജില്ലാ പ്രസിഡന്റ് രവി കോകിത്കർക്കും ഡ്രൈവർ മനോജ് ദേസൂർകർക്കും വെടിയേറ്റു. രവിയുടെ തോളിലും ഡ്രൈവറുടെ കയ്യിലുമാണ് വെടിയേറ്റത്. ഇരുവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രിയോടെ കർണാടക-മഹാരാഷ്ട്ര അതിർത്തിയായ ബെൽഗാവിയിൽ വച്ചാണ് ആക്രമണമുണ്ടായത്. വിരാട് ഹിന്ദു സമാവേശ് സമ്മേളനം നടക്കാനിരിക്കെയാണ് രവിയ്ക്ക് നേരെ ആക്രമണമുണ്ടായത്.
ഹിന്ദാൽഗയിലേക്ക് പോകുന്നതിനിടെ മറാത്തി സ്‌കൂളിന് സമീപത്തെ സ്പീഡ് ബേക്കറിനടുത്ത് വച്ച് കാറിന്റെ വേഗത കുറച്ചിരുന്നു. പിന്നാലെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വെടിവെയ്പ്പിന് പിന്നാലെ ബെൽഗാവിയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.










