തിരുവനന്തപുരം: ബി.ജെ.പിയിലേക്കുള്ള പി.പി. മുകുന്ദന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ തള്ളി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്. കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാല്‍ വരുമെന്നാണ് മുകുന്ദന് പറയുന്നത്. ഇക്കാര്യം കേന്ദ്രനേതൃത്വം ചര്‍ച്ച ചെയ്തിട്ടില്ലെന്നും മുരളീധരന് വ്യക്തമാക്കി.
മിസ് കോളടിച്ച് ബി.ജെ.പിയില്‍ അംഗമാകാമെന്ന മുരളീധരന്റെ പ്രസ്താവന വിവാദമായിരുന്നു. മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടിയില്‍ തിരികെ കൊണ്ടുവരണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുരളീധരന്റെ മറുപടി.
എസ്.എന്‍.ഡിപി ബന്ധം ആദ്യം താഴെത്തട്ടില്‍ ചര്‍ച്ച ചെയ്തിട്ടില്ല. എന്നാല്‍ പിന്നീട് തുടര്നീക്കങ്ങളെല്ലാം പാര്‍ട്ടിയിലെ എല്ലാ നേതാക്കളുമായും ആലോചിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴിയാവുന്ന സ്ഥലങ്ങളില്‍ എസ്.എന്‍.ഡി.പി സ്ഥാനാര്‍ഥികള്‍ക്ക് ബി.ജെ.പി പിന്തുണ നല്‍കും. എസ്.എന്‍.ഡി.പിയും തിരിച്ചു പിന്തുണയ്ക്കും. എസ്.എന്‍.ഡി.പി പിന്തുണ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും- ഒരു ചാനല്‍ അഭിമുഖത്തില്‍ മുരളീധരന് വ്യക്തമാക്കി.
ഗോവധനിരോധനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യമാണ്. രാജ്യത്തിലെ ബുദ്ധി ജീവികള്‍ക്ക് കമ്മ്യൂണിസ്റ്റ് ദാസ്യമനോഭാവമാണ്. അനുഭവിച്ചിരുന്ന ആനുകൂല്യങ്ങള്‍ നഷ്ടമായതിന്റെ നിരാശയാണ് ഇവര്‍ക്കെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post