റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വേണ്ടി കടുത്ത നിയമങ്ങളിലെല്ലാം അയവ് വരുത്തി സൗദി അറേബ്യ. സൗദിയുടെ കായികമേഖലയിൽ റൊണാൾഡോയുടെ വരവ് ഊർജ്ജമേകിയെന്ന് കായികമന്ത്രി വ്യക്തമാക്കി. രാജ്യത്ത് എല്ലായിടത്തും റൊണാൾഡോയാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. നിലവിൽ സൗദിയിൽ ഔദ്യോഗികമായി വിവാഹം ചെയ്തിട്ടില്ലാത്തവർക്ക് ഒരുമിച്ച് താമസിക്കാൻ അനുവാദമില്ല. എന്നാൽ റൊണാൾഡോയ്ക്ക് വേണ്ടി ഈ നിയമത്തിലും മാറ്റം വരുത്തിയിരിക്കുകയാണ് രാജ്യം. പങ്കാളിയായ ജോർജീന റോഡ്രിഗസിനെ റൊണാൾഡോ നിയമപ്രകാരം വിവാഹം ചെയ്തിട്ടില്ല. എന്നാൽ സൗദിയിൽ പങ്കാളിക്കൊപ്പം താമസിക്കാൻ റൊണാൾഡോയ്ക്ക് വിലക്ക് ഒന്നും ഉണ്ടാകില്ല.
ജനുവരി 22ഓടെ സൗദി അറേബ്യ ക്ലബ്ബായ അൽ നസറിൽ ക്രിസ്റ്റിയാനോയുടെ അരങ്ങേറ്റം ഉണ്ടാകുമെന്നാണ് വിവരം. സ്‌ട്രൈക്കർ വിൻസന്റ് അബൂബക്കറിന്റെ കരാർ റദ്ദാക്കിയ ശേഷമാണ് റൊണാൾഡോയെ അൽ നസർ ടീമിനൊപ്പം ചേർത്തത്. സൗദി ഫുട്‌ബോൾ ലീഗിൽ ഒരു ടീമിന് എട്ട് വിദേശ താരങ്ങളെ കളിപ്പിക്കാൻ മാത്രമാണ് അനുമതി. ഇത് പ്രകാരമാണ് കാമറൂൺ താരമായ വിൻസെന്റ് അബൂബക്കറിനെ സൗദി ഒഴിവാക്കിയത്. അബൂബക്കറുമായുള്ള കരാർ പരസ്പര ധാരണയോടെ ഒഴിവാക്കിയെന്നാണ് ക്ലബ്ബ് അറിയിച്ചത്.
ഇക്കഴിഞ്ഞ ഖത്തർ ലോകകപ്പിൽ അബൂബക്കർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മൂന്ന് കളികളിൽ നിന്നായി രണ്ട് ഗോളുകളും ഒരു അസിസ്റ്റും താരം നേടിയിരുന്നു. ക്ലബ്ബുമായുള്ള കരാർ അവസാനിപ്പിക്കാൻ ഒന്നര വർഷം ബാക്കി നിൽക്കെയാണ് അബൂബക്കറിന്റെ പുറത്താകൽ.
Discussion about this post