തിരുവനന്തപുരം: ഗാനഗന്ധർവ്വൻ യേശുദാസിന് ജന്മദിനാശംസകൾ നേർന്ന് നടൻ മോഹൻലാൽ. കേരളത്തിന്റെ സ്വകാര്യ അഭിമാനമായ ദാസേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുകയാണെന്ന് മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു താരം ആശംസ പങ്കുവെച്ചത്. യേശുദാസിന്റെ 83ാം ജന്മദിനമാണ് ഇന്ന്.
തലമുറകൾ പകർന്നെടുക്കുന്ന ഗന്ധർവനാദമാണ് യേശുദാസിന്റേതെന്ന് മോഹൻലാൽ പറഞ്ഞു. ലോകമെമ്പാടുമുള്ള ഏത് മലയാളിയും ദിവസത്തിൽ ഒരിക്കലെങ്കിലും കേൾക്കുന്ന അമൃതസ്വരം. കേരളത്തിന്റെ സ്വകാര്യ അഭിമാനമായ എന്റെ പ്രിയപ്പെട്ട ദാസേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകളെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മോഹൻലാലിന് പുറമേ മമ്മൂട്ടി, ജയറാം തുടങ്ങിയ താരങ്ങളും ആശംസകൾ നേർന്നിട്ടുണ്ട്. പ്രിയപ്പെട്ട ദാസേട്ടന് ഒരായിരം ജന്മദിനാശംസകൾ എന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. സംഗീത ലോകത്തെ അതികായന് പിറന്നാൾ ആശംസകൾ എന്നായിരുന്നു ജയറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
താരങ്ങൾക്ക് പുറമേ കേന്ദ്രമന്ത്രി വി.മുരളീധരനും അദ്ദേഹത്തിന് ആശംസകൾ അറിയിച്ചിട്ടുണ്ട്. മലയാളത്തിന്റെ സ്വരവസന്തത്തിന് പിറന്നാളാശംസകൾ. മധുരസ്വരം കൊണ്ട് ഒരു ജനതയെ ആകെ ചേർത്തുനിർത്തിയ ഗാനഗന്ധർവന് ആയുരാരോഗ്യസൗഖ്യം നേരുന്നുവെന്ന് മുരളീധരൻ ആശംസിച്ചു.
Discussion about this post