ന്യൂഡൽഹി: നവജാത ശിശുവിനെ എറിഞ്ഞുകൊന്ന് അമ്മ. ഡൽഹിയിലെ ന്യൂ അശോക് നഗറിലാണ് സംഭവം. 20 കാരിയായ അവിവാഹിതയായ യുവതിയാണ് ജയ് ആംബെ അപ്പാർട്ട്‌മെന്റിന്റെ മുകളിൽ നിന്ന് ആൺകുഞ്ഞിനെ എറിഞ്ഞു കൊലപ്പെടുത്തിയത്.
പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. താൻ അവിവാഹിതയാണെന്നും സമൂഹം കളിയാക്കുമെന്ന് കരുതിയാണ് കുഞ്ഞിനെ കൊന്നതെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തി. നോയിഡയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് യുവതി.
ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ഉടൻ തന്നെ നോയിഡയിലെ മെട്രോ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി നിരവധി വീടുകളിൽ പരിശോധന നടത്തി. ഫ്‌ളാറ്റുകളിലെ താമസക്കാരെ ഓരോരുത്തരെയായി ചോദ്യം ചെയ്യുന്നതിനിടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
താൻ ആൺകുട്ടിക്ക് ജന്മം നൽകിയെന്നും എന്നാൽ ശുചിമുറിയുടെ ജനാലയിൽ നിന്ന് എറിഞ്ഞ് കൊന്നതായും യുവതി കുറ്റം സമ്മതിച്ചു.








