ന്യൂഡൽഹി : വോട്ടർപട്ടിക പുതുക്കുന്നതിനുള്ള ഇലക്ഷൻ കമ്മീഷന്റെ പ്രത്യേക തീവ്ര പുനരവലോകന (SIR) പ്രക്രിയയുടെ മൂന്നാം ഘട്ടം ആരംഭിച്ചു. അഞ്ച് സംസ്ഥാനങ്ങളിൽ ആണ് ഇത്തവണ വോട്ടർപട്ടിക പരിഷ്കരണം നടക്കുന്നത്. ഡൽഹി, മഹാരാഷ്ട്ര, കർണാടക, ജാർഖണ്ഡ്, മേഘാലയ എന്നീ അഞ്ച് സുപ്രധാന സംസ്ഥാനങ്ങളിൽ വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി വീട് വീടാന്തരം കയറിയുള്ള വിവരശേഖരണം ആരംഭിച്ചു.
ജൂൺ 30 മുതൽ ജൂലൈ 29 വരെ ഒരു മാസം നീളുന്ന ഈ പ്രക്രിയയിലൂടെ ബൂത്ത് ലെവൽ ഓഫീസർമാർ ഓരോ വീടും നേരിട്ട് സന്ദർശിച്ച് നിലവിലുള്ള വോട്ടർമാരുടെ വിവരങ്ങൾ പരിശോധിക്കുകയും പുതിയ അപേക്ഷകൾ സ്വീകരിക്കുകയും ചെയ്യും. ഈ അഞ്ച് സംസ്ഥാനങ്ങളിലായി ഏകദേശം 19.79 കോടി വോട്ടർമാരാണ് നിലവിലുള്ളത്. മരണപ്പെട്ടവർ, സ്ഥിരമായി താമസം മാറിയവർ, ഇരട്ട വോട്ട് ഉള്ളവർ എന്നിവരെ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യുക. അർഹതപ്പെട്ട പുതിയ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുക എന്നിവയാണ് ഈ പ്രക്രിയയിലൂടെ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ ഘട്ടങ്ങളിലായി നടന്ന എസ്‌ഐആർ പ്രക്രിയയിലൂടെ രാജ്യത്തുടനീളം 5.8 കോടിയിലധികം വ്യാജ/അയോഗ്യ വോട്ടർമാരെയാണ് കമ്മീഷൻ പട്ടികയിൽ നിന്ന് നീക്കം ചെയ്തത്. രാജ്യത്തെ വോട്ടർപട്ടിക പരിഷ്കരണത്തിന്റെ നാലാം ഘട്ടമായി ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ലഡാക്ക് എന്നീ പ്രദേശങ്ങളിലെ എസ്‌ഐആർ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.









