ബംഗളൂരു: നിർമ്മാണത്തിലിരുന്ന മെട്രോ തൂൺ തകർന്ന് വീണ് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. ബംഗളൂരുവിൽ ഔട്ടർ റിങ് റോഡിലെ നാഗവരയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു സംഭവം. തേജസ്വിനി, മകൻ വിഹാൻ എന്നിവരാണ് മരിച്ചത്. റോഡിലൂടെ പോവുകയായിരുന്ന സ്‌കൂട്ടർ യാത്രക്കാരായ നാലംഗ കുടുംബത്തിന്റെ ദേഹത്തേക്കാണ് തൂൺ തകർന്ന് വീണത്.
അപകടമുണ്ടായ ഉടനെ നാല് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അമ്മയുടേയും രണ്ട് വയസ്സുള്ള കുഞ്ഞിന്റേയും ജീവൻ രക്ഷിക്കാനായില്ല. തേജസ്വിനിയുടെ ഭർത്താവ് ലോഹിത് കുമാറിനും മകൾക്കും അപകടത്തിൽ പരിക്കേറ്റു. ഇരുവരും അപകടനില തരണം ചെയ്തുവെന്നാണ് വിവരം. മെട്രോയുടെ 218ാം നമ്പർ പില്ലറാണ് തകർന്ന് വീണത്. നാൽപത് അടിയോളം ഉയരമുള്ള തൂണായിരുന്നു ഇത്. തൂണിലെ വലിയ ഇരുമ്പുകമ്പികൾ നിലംപൊത്തിയാണ് അപകടമുണ്ടായത്.
തേജസ്വിനിയും ഭർത്താവും എഞ്ചിനീയർമാരാണ്. മക്കളെ നഴ്‌സറിയിൽ ആക്കാൻ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. അതേസമയം ഭാഗ്യം കൊണ്ട് മാത്രമാണ് തൂൺ റോഡിലെ മറ്റ് വാഹനങ്ങളുടെ മേൽ പതിക്കാതിരുന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിന് പിന്നാലെ മേഖലയിൽ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.
Discussion about this post