പട്ന: ട്രക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ എട്ട് പേർ മരിച്ചു. ബിഹാറിലെ കതിഹാർ ജില്ലാ ആസ്ഥാനത്ത് നിന്ന് എട്ട് കിലോമീറ്റർ അകലെ കോധ പോലീസ് സ്റ്റേഷന് കീഴിലുള്ള ഡിഗ്രി പെട്രോൾ പമ്പിന് സമീപം ദേശീയ പാത 81 ലാണ് സംഭവം.
ധനഞ്ജയ് താക്കൂർ, അരുൺ താക്കൂർ, ഊർമിള, ദേവി, മുഖർജി, ലാലു, ഗോലു, ഓട്ടോ ഡ്രൈവർ പപ്പു പാസ്വാൻ എന്നിവരാണ് മരിച്ചത്. സംഭവത്തിന് ശേഷം ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
ഖേരിയയിൽ നിന്ന് കതിഹാറിലേക്ക് ഓട്ടോയിൽ പോവുകയായിരുന്നു കുടുംബം. ഇതിനിടെ നിയന്ത്രണം വിട്ട ട്രക്ക് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ആളുകൾ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയപ്പോഴേക്കും ഓട്ടോയിലുണ്ടായിരുന്നവർ മരണപ്പെട്ടിരുന്നു. മരിച്ചവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. എസ്പി ജിതേന്ദ്രകുമാർ സംഭവസ്ഥലം സന്ദർശിച്ചു.
വിവരമറിഞ്ഞ് കോധ പോലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മദ്ധ്യപ്രദേശിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു കുടുംബമെന്ന് പോലീസ് പറഞ്ഞു.
Discussion about this post