തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സർവീസസിനെതിരെ ഒന്നാം ഇന്നിംഗ്സിൽ കേരളം ഭേദപ്പെട്ട സ്കോറിലേക്ക്. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ കേരളം 6 വിക്കറ്റ് നഷ്ടത്തിൽ 254 റൺസ് നേടി. സച്ചിൻ ബേബി നേടിയ സെഞ്ച്വറിയാണ് കേരളത്തെ വൻ തകർച്ചയിൽ നിന്നും കരകയറ്റിയത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 19 റൺസ് എടുക്കുന്നതിനിടെ 4 വിക്കറ്റുകൾ നഷ്ടമായ കേരളത്തിന് സച്ചിൻ ബേബിയുടെയും സൽമാൻ നിസാറിന്റെയും അക്ഷയ് ചന്ദ്രന്റെയും ക്യാപ്ടൻ സിജോമോൻ ജോസഫിന്റെയും ഇന്നിംഗ്സുകളാണ് തുണയായത്.
ഓപ്പണർ രാഹുൽ റണ്ണൊന്നുമെടുക്കാതെ മടങ്ങിയപ്പോൾ ജലജ് സക്സേന 8 റൺസുമായും രോഹൻ പ്രേമും വത്സൻ ഗോവിന്ദും ഓരോ റൺസുമായും മടങ്ങി. എന്നാൽ പൊരുതാനുറച്ച് കളിച്ച സച്ചിൻ ബേബിക്ക് കൂട്ടായി സൽമാൻ നിസാർ ക്രീസിലെത്തിയതോടെ കേരളം പിടിച്ചു നിന്നു. സൽമാൻ നിസാർ 42 റൺസുമായി മടങ്ങിയെങ്കിലും 32 റൺസ് നേടിയ അക്ഷയ് ചന്ദ്രൻ സച്ചിൻ ബേബിക്ക് ഉറച്ച പിന്തുണ നൽകി. നിലവിൽ 133 റൺസുമായും സച്ചിനും 29 റൺസുമായി സിജോമോനുമാണ് ക്രീസിൽ. രോഹൻ കുന്നുമ്മൽ കളിക്കാത്തത് കേരളത്തിന് തിരിച്ചടിയായി.
Discussion about this post