മലപ്പുറം : നാഗർകോവിൽ ഇരട്ടക്കൊലപാതക കേസിൽ 17 വർഷങ്ങൾക്ക് മുൻപ് മുങ്ങിയ പ്രതി പിടിയിൽ. തമിഴ്നാട് തിരുനെൽവേലി അഴകിയപാണ്ടിപുരം സ്വദേശി റഷീദ് (48) ആണ് പിടിയിലായത്. പൂക്കോട്ടുംപാടം ചുള്ളിയോട് നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
2005 ൽ നാഗർകോവിൽ ഭൂതപാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് മുതലാളിമാർ തമ്മിലുണ്ടായ ബിസിനസ് തർക്കത്തിന്റെ പേരിൽ നടന്ന അടിപിടിയിൽ രണ്ട് പേരെ വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്. തുടർന്ന് രണ്ട് കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസുകളിൽ ഒന്നിൽ മൂന്നാം പ്രതിയും മറ്റൊന്നിൽ ആറാം പ്രതിയുമാണ് റഷീദ്. നാഗർകോവിൽ ജയിലിൽ കഴിയവേ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ മുങ്ങിയത്.
അന്ന് മുങ്ങിയ പ്രതി കേരളത്തിലെത്തി ചുള്ളിയോട് വന്ന് വിവാഹം കഴിച്ചു. ഇവിടെ ടാപ്പിംഗ് ജോലി ചെയ്ത് കുടുംബസമേതം കഴിയുന്നതിനിടെ ഇയാൾ ജോലി തേടി വിദേശത്തേക്ക് പോയി. അടുത്തിടെ നാട്ടിലെത്തിയ ഇയാളെക്കുറിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ നാഗർകോവിൽ പോലീസിന് കൈമാറി.












