ജോഷിമഠ്: ജോഷിമഠിൽ സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ജോഷിമഠും അതിന് ചുറ്റുമുള്ള പ്രദേശങ്ങളും വർഷത്തിൽ 2.5 ഇഞ്ച് (6.5 സെന്റിമീറ്റർ) എന്ന കണക്കിൽ താഴ്ന്നു പോവുകയാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ് നടത്തിയ പഠനത്തിൽ കണ്ടെത്തി. രണ്ട് വർഷത്തെ പഠനത്തിന്റെ വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. ഡെറാഡൂൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവർ ജോഷിമഠിന്റെ ഉപഗ്രഹ ചിത്രങ്ങളാണ് പഠനവിധേയമാക്കിയത്. പ്രദേശത്ത് ധാരാളം ടെക്ടോണിക് പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും, ഇവിടം വളരെ സെൻസിറ്റീവ് ആണെന്നും റിപ്പോർട്ടിൽ പറയുന്നു.
ജോഷിമഠിൽ വിള്ളവുണ്ടായ വീടുകളുടേയും കെട്ടിടങ്ങളുടേയും എണ്ണം 723 ആയി ഉയർന്നു. 86 കെട്ടിടങ്ങൾ അപകടകരമായ അവസ്ഥയിലാണ്. 131 കെട്ടിടങ്ങളിൽ നിന്നായി 400ഓളം പേരെ ഇതുവരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ജോഷിമഠിന് 90 കിലോമീറ്റർ അകലെയുളള പ്രദേശങ്ങളിലും വിള്ളലുകൾ രൂപപ്പെട്ട് തുടങ്ങിയിട്ടുണ്ട്.
2020 ജൂലൈ മുതൽ 2022 മാർച്ച് വരെ ശേഖരിച്ച സാറ്റലൈറ്റ് ചിത്രങ്ങളിൽ പ്രദേശം പതിയെ താഴ്ന്നു കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്നു. ഇതിന്റെ ചിത്രങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടുണ്ട്. ചുവന്ന കുത്തുകൾ താഴ്ന്ന് പോകുന്ന ഭാഗങ്ങളെയാണ് അടയാളപ്പെടുത്തുന്നത്. ജോഷിമഠ് താഴ്‌വരയിൽ ആകെ ഇത്തരത്തിൽ ഭൂമി താഴ്ന്ന് പോകുന്ന പ്രശ്‌നം ഉണ്ടാകുന്നുണ്ടെന്നും ചിത്രം വ്യക്തമാക്കുന്നു.
Discussion about this post