കോഴിക്കോട്: കലോത്സവ സ്വാഗത ഗാന വിവാദത്തോടെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടർ കനകദാസ്. തന്റെ ചിത്രങ്ങൾ ചിലർ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്, പോലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കലോത്സവം അവസാനിച്ച ശേഷം സംഭവം വിവാദമാക്കിയത് മന്ത്രി റിയാസ് ആണെന്നും കനകദാസ് പറഞ്ഞു. ” ഇപ്പോഴുണ്ടായ വിവാദങ്ങൾ യാദൃശ്ചികമല്ല. സത്യത്തിൽ ഭയം തോന്നുകയാണ്. എന്താണ് അവരുടെ ലക്ഷ്യമെന്ന് മനസിലാകുന്നില്ല. ഇത് ഇത്ര വലിയ വിഷയമാക്കി മാറ്റിയത് മന്ത്രിയുടെ പ്രസ്താവനയാണ്. പല സ്ഥലങ്ങളിലും ഞങ്ങളുടെ പ്രൊഫൈലുകൾ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.
നന്നായിട്ട് ശ്രദ്ധിക്കണമെന്നാണ് പോലീസ് പറയുന്നത്. അതിനർത്ഥം നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. ഇതാദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നത്. എല്ലാ പാർട്ടിക്കാർക്കും വേണ്ടി പ്രോഗ്രാം ചെയ്തിട്ടുണ്ട്. സിപിഎം നേതാക്കളുമായിട്ടാണ് എല്ലാക്കാലത്തും കൂടുതൽ അടുപ്പമുണ്ടായിട്ടുള്ളത്. എം.എ.ബേബി ഉൾപ്പെടെ ഉള്ളവർ എപ്പോഴും പ്രോത്സാഹിപ്പിക്കാറുണ്ട്. സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങളിലും ടാഗോറിൽ പാർട്ടി കോൺഗ്രസ് നടന്നപ്പോഴും എല്ലാം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ആ സമയത്തൊന്നും കാണാത്ത സംഘി ബന്ധം ഇവർ ഏത് രീതിയിലാണ് വ്യാഖ്യാനിക്കുന്നത് എന്ന് മനസിലാകുന്നില്ല.
സംഘപരിവാർ ബന്ധമെന്ന ആരോപണം തികഞ്ഞ അസംബന്ധമാണ്. പരിപാടി കഴിഞ്ഞയുടൻ മുഹമ്മദ് റിയാസ് അഭിനന്ദിച്ചിരുന്നു. പിന്നീടാണ് ഇത് വിവാദമാക്കിയത്. ഇപ്പോൾ അന്വേഷണം വരുന്നുണ്ടെന്നാണ് പറയുന്നത്. അതിനെ ഭയക്കുന്നില്ല. അവർ വിളിക്കുന്ന ഇടത്ത് പോകാൻ തയ്യാറാണെന്നും” കനകദാസ് പറഞ്ഞു.
Discussion about this post