റാഞ്ചി: ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ. അഞ്ച് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. തുംഭകയിൽ ഉച്ചയോടെയായിരുന്നു ഏറ്റുമുട്ടൽ.
കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സിആർപിഎഫ് സംഘം പ്രദേശത്ത് എത്തിയത്. തിരച്ചിലിനിടെ ഭീകരർ സംഘത്തിന് നേരെ വെടിയുതിർത്തു. ഇതോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടലിനിടെ വനമേഖലയിൽ സ്ഥാപിച്ചിരുന്ന ഐഇഡി പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിലാണ് ജവാന്മാർക്ക് പരിക്കേറ്റത്.
കോബ്ര ബറ്റാലിയനിലെ അംഗങ്ങൾക്കാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിൽ എത്തിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് ഭീകരർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.








