ആലപ്പുഴ : സിപിഎമ്മിൽ വിഭാഗീയത രൂക്ഷമായി തുടരുന്ന കുട്ടനാട്ടിൽ വീണ്ടും കൂട്ടരാജി. പുളിങ്കുന്ന് ലോക്കൽ കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളും രാജിക്കത്ത് നൽകി. ഒരു മാസത്തിനിടെ 250 പേരാണ് പാർട്ടി വിട്ടത്.
ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗങ്ങളുമാണ് രാജിക്കത്ത് നൽകിയത്. കാവാലം ലോക്കൽ കമ്മിറ്റിയിൽ നിന്ന് നേരത്തെ 60 പേർ രാജിവെച്ചിരുന്നു. വെളിയനാട്ടിലും മുപ്പതിലേറെ പേർ രാജിക്കത്ത് നൽകി. ഏരിയ നേതൃത്വവുമായുള്ള ഭിന്നതയാണ് ലോക്കൽ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളെയും രാജിയിലേക്ക് നയിച്ചത്.
കുട്ടനാട്ടിൽ വലിയ തോതിലുള്ള വിഭാഗീയത കഴിഞ്ഞ കുറേ നാളുകളായി തുടരുന്നുണ്ട്. കഴിഞ്ഞ സമ്മേളനത്തോടെ തുടക്കമിട്ട പ്രശ്നങ്ങൾക്ക് ഇന്നും അറുതി വന്നിട്ടില്ല എന്ന് മാത്രമല്ല, ഓരോ ഘട്ടത്തിലും അത് വർദ്ധിക്കുകയാണ്. ഇത് പാർട്ടി നേതൃത്വത്തെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച അടിയന്തിര ഏരിയ കമ്മിറ്റി യോഗം ചേരും.
Discussion about this post