ലണ്ടൻ; യംഗ് പ്രൊഫണൽ പദ്ധതിക്കായി കരാറുകൾ ഒപ്പിട്ട് ഇന്ത്യയും ബ്രിട്ടനും.18-30 വയസ്സിനിടയിൽ പ്രായമുള്ള ബിരുദധാരികൾക്ക് ഇരു രാജ്യങ്ങളിൽ പഠിക്കാൻ രണ്ട് വർഷത്തെ വിസ ലഭിക്കാനും യുവാക്കൾക്ക് ഇരു രാജ്യങ്ങളിലെയും സംസ്കാരം മനസ്സിലാക്കാനും ഉദ്ദേശിച്ചുള്ളതാണ് യുവ പ്രൊഫഷണൽ സ്കീം എന്നാണ് പ്രാഥമിക വിവരം. നവംബറിൽ, ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുകെ പ്രധാനമന്ത്രി ഋഷി സുനക്കും പദ്ധതി സംബന്ധിച്ച് പ്രാരംഭ ചർച്ചകൾ നടത്തിയിരുന്നു.
യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം കെ ദൊരൈസ്വാമിയും യുകെയിലെ ഹോം ഓഫീസിലെ സ്ഥിരം സെക്രട്ടറി മാത്യു റൈക്രോഫ്റ്റും ആണ് കരാറിൽ ഒപ്പുവെച്ചത്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫിസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ഇരു രാജ്യങ്ങളും ഉടൻ പങ്കിടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 2020 മുതൽ ഹോം ഓഫീസിൽ യുകെയുടെ സ്ഥിരം അണ്ടർ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന നയതന്ത്രജ്ഞനാണ് റൈക്രോഫ്റ്റ്.
യംഗ് പ്രൊഫഷണൽ സ്കീം ഔപചാരികമാക്കുന്നതിനുള്ള കത്ത് ഒപ്പിടുകയും കൈമാറ്റം ചെയ്യുകയും ചെയ്തു. കൂടുതൽ വിശദാംശങ്ങളും നടപ്പാക്കൽ തീയതിയും ഉടൻ പങ്കിടും,” ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ വിക്രം കെ ദൊരൈസ്വാമി ഔദ്യോഗികമായി ട്വീറ്റ് ചെയ്തു.
“ഇത് മികച്ച അവസരമാണ്,യുവ പ്രൊഫഷണൽ സ്കീമിൻറെ ബ്രിട്ടീഷ്, ഇന്ത്യൻ പദ്ധതികളെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ഉടൻ തന്നെ പുറത്തുവിടും,” അലക്സ് എല്ലിസ് കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ആണ് അലക്സ് എല്ലിസ്
ബ്രിട്ടനിലെ ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിയാണ് ഋഷി സുനക്. വിവിധ മേഖലകളിൽ ഇന്ത്യയ്ക്കും ബ്രിട്ടനും തന്ത്രപരമായ പങ്കാളിത്തമുണ്ട്. വ്യാപാരം, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണത്തെകുറിച്ചും ബാലിയിൽ നടന്ന ജി 20 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയും ഋഷി സുനക്കും ചർച്ചകൾ നടത്തിയിരുന്നു. നയതന്ത്ര പങ്കാളിത്തത്തിലും ഭാവി വ്യാപാര ബന്ധങ്ങൾക്കായുള്ള പദ്ധതികളിലും 2030-ലെ ലക്ഷ്യം വെച്ചാണ് ഇരു രാജ്യങ്ങളും പ്രവർത്തിക്കുന്നത്. ഈ പുരോഗതിയിലും ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.










