ബലൂചിസ്ഥാനിൽ പ്രവർത്തിക്കുന്ന പ്രക്ഷോഭകാരികളെ കടുത്ത ഭാഷയിൽ വിമർശിച്ച് പാകിസ്ഥാൻ ആർമി ചീഫ് ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീർ. മേഖലയിലെ തീവ്രവാദികൾ പാകിസ്ഥാനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന വിദേശ രാജ്യങ്ങളുടെ ‘നിഴൽ പടയാളികൾ’ (Foreign-sponsored proxies) ആണെന്ന് അദ്ദേഹം ആരോപിച്ചു. ബലൂചിസ്ഥാനിലെ പ്രമുഖ രാഷ്‌ട്രീയ നേതാക്കളുമായും പ്രമുഖ വ്യക്തിത്വങ്ങളുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് പാക് സേനാതലവൻ ഈ പരാമർശം നടത്തിയത്.
ബലൂചിസ്ഥാന്റെയും പാകിസ്ഥാന്റെയും ഭാവിയും വർത്തമാനവും ഒന്നാണെന്നും, അത് എന്നും അങ്ങനെ തന്നെ തുടരുമെന്നും അസിം മുനീർ വ്യക്തമാക്കി. ശത്രുരാജ്യങ്ങൾ തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾക്കായി ഉപയോഗിക്കുന്ന ഏജന്റുകളാണ് വിഘടനവാദ ഗ്രൂപ്പുകൾ. ജനങ്ങളും ഭരണകൂടവും തമ്മിൽ അകൽച്ചയുണ്ടാക്കാനും പ്രദേശത്തെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനുമാണ് ഇവർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പോരാടുന്ന ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) പോലെയുള്ള നിരോധിത സംഘടനകൾ അടുത്തിടെ പാക് സൈന്യത്തിനും ചൈനീസ് പൗരന്മാർക്കും നേരെ ആക്രമണങ്ങൾ ശക്തമാക്കിയിരുന്നു. കഴിഞ്ഞ ജൂലൈയിൽ സിയാറത്ത് മേഖലയിലെ പൊലീസ് ചെക്ക്‌പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിൽ 27 പൊലീസുകാരും, മെയ് മാസത്തിൽ ക്വറ്റയിൽ ട്രെയിനിൽ നടത്തിയ ചാവേർ സ്ഫോടനത്തിൽ 47 പേരും കൊല്ലപ്പെട്ടിരുന്നു. ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (CPEC) പദ്ധതികളെ ലക്ഷ്യം വെച്ചും ബിഎൽഎ ആക്രമണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രക്ഷോഭങ്ങളെ വിദേശ ഗൂഢാലോചനയായി ചിത്രീകരിച്ച് പാക് സൈനിക തലവൻ രംഗത്തെത്തിയിരിക്കുന്നത്.












