വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ അക്രമികളുടെ കല്ലേറ്. കല്ലെറിഞ്ഞവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും, ഇവരെ എത്രയും വേഗം പിടികൂടുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. ഇന്നലെ വൈകിട്ട് 6.30ഓടെയാണ് ട്രെയിനിന് നേരെ ആക്രമണം ഉണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ രണ്ട് ജനൽ ചില്ലുകൾ തകർന്നു. ജനൽപാളികൾ പൂർണമായും തകർന്നതിനാൽ ഇത് മാറ്റിസ്ഥാപിക്കണം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തുമെന്നും, കർശന നടപടി സ്വീകരിക്കുമെന്നും റെയിൽവേ ഡിവിഷണൽ മാനേജർ അനൂപ് കുമാർ സത്പതി പറഞ്ഞു.
സെക്കന്തരാബാദിൽ നിന്ന് വിശാഖപട്ടണത്തേക്ക് സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്ന ട്രെയിൻ ആണിത്. വന്ദേഭാരത് ശ്രേണിയിലെ എട്ടാമത്തെ ട്രെയിനാണ് ഇത്. ഈ മാസം 19ന് സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്യും. ദക്ഷിണേന്ത്യയിൽ സർവീസ് ആരംഭിക്കുന്ന രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ ആണിത്. വാറങ്കൽ, ഖമ്മം, വിജയവാഡ, രാജമുണ്ട്രി സ്റ്റേഷനുകളിൽ ഈ ട്രെയിനിന് സ്റ്റോപ്പുണ്ടാകും.
ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ ചെന്നൈ-മൈസൂർ റൂട്ടിലാണ് സർവീസ് നടത്തുന്നത്. ഈ മാസം ആദ്യം ബംഗാളിലെ മാൾഡ ജില്ലയിൽ ഹൗറ-ന്യൂ ജൽപായ്ഗുരി വന്ദേ ഭാരത് എക്സ്പ്രസിന് നേരെയും കല്ലേറുണ്ടായിരുന്നു. ട്രെയിനിലെ സിസിടിവിയിൽ ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. നാല് പേർ ചേർന്ന് കല്ലെറിയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.








