വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്തു. വിശാഖപട്ടണം പോലീസാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇവരെ പിടികൂടിയത്. ഈ മാസം 19ാം തിയതി ഉദ്ഘാടനം നിശ്ചയിച്ചിരുന്ന വന്ദേഭാരത് ട്രെയിൻ ആയിരുന്നു ഇത്. ബുധനാഴ്ച വൈകിട്ടോടെയാണ് നിർത്തിയിട്ടിരുന്ന ട്രെയിനിന് നേരെ ആക്രമണം ഉണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ രണ്ട് ജനൽ ചില്ലുകൾ തകർന്നു. ജനൽപാളികൾ പൂർണമായും തകർന്നതിനാൽ ഇത് മാറ്റിസ്ഥാപിക്കണമെന്ന് റെയിൽവേ ഡിവിഷണൽ മാനേജർ അനൂപ് കുമാർ സത്പതി പറഞ്ഞു.
സെക്കന്തരാബാദിൽ നിന്ന് വിശാഖപട്ടണത്തേക്ക് സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്ന ട്രെയിൻ ആണിത്. വന്ദേഭാരത് ശ്രേണിയിലെ എട്ടാമത്തെ ട്രെയിനാണ് ഇത്. ട്രെയിനിന് കല്ലെറിഞ്ഞ ശേഷം പ്രതികൾ ഓടിപ്പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ട്രെയിനിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾക്ക് പുറമെ മറ്റ് പുറത്തെ കെട്ടിടങ്ങളിലേത് ഉൾപ്പെടെയുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിനായി ശേഖരിച്ചിരുന്നു. അക്രമികളെ ചോദ്യം ചെയ്ത് വരികയാണ്. ഇവരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
ഈ മാസം 19ന് സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ വന്ദേഭാരത് എക്‌സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്യുന്നത്. ദക്ഷിണേന്ത്യയിൽ സർവീസ് ആരംഭിക്കുന്ന രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ ആണിത്. വാറങ്കൽ, ഖമ്മം, വിജയവാഡ, രാജമുണ്ട്രി സ്റ്റേഷനുകളിൽ ഈ ട്രെയിനിന് സ്റ്റോപ്പുണ്ടാകും. ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ ചെന്നൈ-മൈസൂർ റൂട്ടിലാണ് സർവീസ് നടത്തുന്നത്. സെമി ഹൈ സ്പീഡ് ട്രെയിനായ വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതോടെ 700 കിലോമീറ്റർ ദൂരം എട്ട് മുതൽ ഒൻപത് മണിക്കൂറിനുള്ളിൽ പിന്നിടാനാകും.








