ജോഷിമഠ്: ജോഷിമഠിലെ ജനങ്ങൾക്ക് വേണ്ടി 45 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. ദുരിതബാധിതരായ മൂവായിരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യഘട്ടമായിട്ടാണ് 45 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചത്. ഓരോരുത്തർക്കും ലഭിക്കേണ്ട കൃത്യമായ നഷ്ടപരിഹാരം കണക്കാക്കാൻ ജില്ലാ തല സമിതിയെ നിയോഗിച്ചതായി കളക്ടർ ഹിമാംശു ഖുറാന വ്യക്തമാക്കി.
നാട്ടുകാരുമായും മുഖ്യമന്ത്രി ചർച്ച നടത്തി. നരസിംഹ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയതിന് ശേഷമാണ് അദ്ദേഹം നാട്ടുകാരുമായി ചർച്ച നടത്തിയത്. ശ്രീശങ്കരാചാര്യർ പ്രതിഷ്ഠ നിർവഹിച്ച ക്ഷേത്രമാണ് നരസിംഹക്ഷേത്രം. പ്രശ്‌നപരിഹാരത്തിനും സംസ്ഥാനത്തെ രക്ഷിക്കുന്നതിനും വേണ്ടിയാണ് താൻ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രദേശത്തെ മലായ് ഇൻ, മൗണ്ടൻ വ്യൂ തുടങ്ങിയ ഹോട്ടലുകൾ പൊളിക്കുന്ന നടപടികൾ വെള്ളിയാഴ്ച രാവിലെയോടെ തുടരുമെന്ന് കേന്ദ്ര കെട്ടിട ഗവേഷണ സ്ഥാപനം(സി.ബി.ആർ.ഐ) ഉദ്യോഗസ്ഥർ വ്യക്തമാക്കി. നഷ്ടപരിഹാരം സംബന്ധിച്ച് മുഖ്യമന്ത്രിയിൽ നിന്ന് ഉറപ്പ് കിട്ടിയതോടെയാണ് പൊളിക്കലിന് സമ്മതിച്ചതെന്ന് മലായ് ഇൻ ഹോട്ടലുടമ താക്കൂർ സിംഗ് റാണ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനാംഗങ്ങളും പോലീസും പൊളിച്ചുനീക്കുന്ന ഹോട്ടലുകൾക്കുചുറ്റും പൂർണസജ്ജരായുണ്ട്. കരസേനയുടേയും ദുരന്ത നിവാരണ അതോറിറ്റിയുടേയും ഹെലികോപ്റ്ററുകളും അടിയന്തര സാഹചര്യം നേരിടാനായി രംഗത്തുണ്ട്.
Discussion about this post