ന്യൂഡൽഹി: ഡൽഹിയിൽ പുതുവർഷപ്പുലരിയിൽ കാറിനടിയിൽ കുരുങ്ങി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ നൽകി കേന്ദ്ര സർക്കാർ. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഗുരുതരമായ കൃത്യവിലോപം ഉണ്ടായതായി അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. ഉദ്യോഗസ്ഥർക്കെതിരെ ഇന്ന് തന്നെ നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം, സംഭവ സമയത്ത് പിസിആർ വാനുകളിലും പിക്കറ്റുകളിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യും. ഇവർക്കെതിരെ അച്ചടക്ക നടപടിയും ഉണ്ടാകും. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായത് ഗുരുതരമായ കൃത്യവിലോപമാണെന്ന് ഡൽഹി പോലീസ് കമ്മീഷണറും വ്യക്തമാക്കിയിരുന്നു.
കൂടാതെ, ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാനും, മതിയായ കാരണം ബോധിപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ സർവീസിൽ നിന്നും നീക്കം ചെയ്യാനും കേന്ദ്ര സർക്കാർ ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നത് വൈകരുത്. ഏതെങ്കിലും തരത്തിലുള്ള കാലതാമസം ഇക്കാര്യത്തിൽ നേരിട്ടാൽ, ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ജനുവരി 1 പുലർച്ചെ മൂന്നു മണിയോടെയാണ്, പുതുവത്സരാഘോഷം കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന അഞ്ജലി സിംഗ് എന്ന 20 വയസ്സുകാരി അപകടത്തിൽ പെടുന്നത്. ഇടിച്ച കാറിനടിയിൽ കുടുങ്ങി കിടന്ന അഞ്ജലിയെയും കൊണ്ട് വാഹനം പന്ത്രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചിരുന്നു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post