ഇടുക്കി : അടിമാലിയിൽ വഴിയിൽ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാൾ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കൊല്ലപ്പെട്ട കുഞ്ഞുമോന്റെ ബന്ധു സുധീഷ് പോലീസിനോട് കുറ്റം സമ്മതിച്ചു. സംശയത്തെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
മനോജിനെ കൊല്ലാൻ ലക്ഷ്യമിട്ട് ബിവറേജസിൽ നിന്ന് മദ്യം വാങ്ങി അതിൽ സിറിഞ്ച് ഉപയോഗിച്ച് വിഷം കലർത്തിയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. മദ്യം കൊണ്ടുപോയി കൊടുത്തതും ഇയാൾ തന്നെയാണ്.
ജനുവരി എട്ടിന് രാവിലെയാണ് അടിമാലിയിൽ നിന്ന് വീണുകിട്ടിയ മദ്യം അനിൽകുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവർ ചേ ർന്ന് കുടിച്ചത്. ഇതോടെ ഇവർ അവശനിലയിലായി. അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. 12 നാണ് കുഞ്ഞുമോൻ മരിച്ചത്. മറ്റ് രണ്ട് പേരും ചികിത്സയിൽ തുടരുകയാണ്.
വഴിയിൽ കിടന്നു കിട്ടിയത് എന്ന് പറഞ്ഞ് സുധീഷാണ് തങ്ങൾക്ക് മദ്യം കൊണ്ടുതന്നത് എന്ന് ചികിത്സയിലുള്ളവർ പോലീസിന് മൊഴി നൽകിയിരുന്നു. ഇതാണ് സംശയത്തിന് കാരണമായത്. പോലീസ് നടത്തിയ അന്വേഷണത്തിൽ മദ്യക്കുപ്പി കത്തിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.












