വിശാഖപട്ടണം; തെലുങ്ക് നടൻ നന്ദമൂരി ബാലകൃഷ്ണ Nandamuri Balakrishna ഇരട്ടവേഷത്തിലെത്തുന്ന വീരസിംഹ റെഡ്ഡിയുടെ പ്രദർശനത്തിനിടെ തിയറ്ററിലെ സ്‌ക്രീനിൽ തീപിടുത്തം. വിശാഖപട്ടണം സബ്ബാവരത്തുളള തിയറ്ററിലാണ് സംഭവം. ആരാധകരുടെ അതിരുകടന്ന ആവേശമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്.
ഇന്നലെയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. റിലീസ് പതിവുപോലെ ആരാധകർ വലിയ ആഘോഷമാക്കിയിരുന്നു. ബാലയ്യ എന്ന നന്ദമൂരി ബാലകൃഷ്ണയുടെ എല്ലാ ചിത്രങ്ങൾക്കും ആരാധകരുടെ ആവേശപ്രകടനം പതിവാണ്.
സിനിമയുടെ പ്രദർശനം നടന്നുകൊണ്ടിരിക്കെ സ്‌ക്രീനിന് തീപിടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. തീ പടർന്നത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. ഇത് പരിശോധിച്ചുവരികയാണ്. സിനിമയുടെ ആവേശത്തിൽ ആരാധകർ ആരോ ചെയ്ത പണിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
തീ പടർന്ന ഉടനെ തിയറ്ററിൽ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു. പിന്നീടാണ് തീ അണച്ചത്. ആളുകൾ ഇറങ്ങി പോകുന്നതും തീ പിടിക്കുന്നതുമാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ഉളളത്. സ്‌ക്രീൻ പ്രദർശനയോഗ്യമല്ലാത്ത വിധം കത്തിയിട്ടുണ്ട്.
മൈത്രി മൂവിയാണ് വീരസിംഹറെഡ്ഡി VeeraSimhaReddy നിർമിച്ചിരിക്കുന്നത്. ഹണി റോസ്, ശ്രുതി ഹാസൻ, വരലക്ഷ്മി ശരത് കുമാർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 54 കോടി രൂപയായിരുന്നു റിലീസ് ദിനത്തിലെ ചിത്രത്തിന്റെ കളക്ഷൻ.
Discussion about this post