തിരുവനന്തപുരം: കടുവ ആക്രമിച്ച കർഷകൻ മരിച്ചത് അമിത രക്തസ്രാവം മൂലമുള്ള ഷോക്കിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. വയനാട് മെഡിക്കൽ കോളേജിൽ അദ്ദേഹത്തിന് വേണ്ട ചികിത്സ നൽകിയിരുന്നു. പരിക്കേറ്റ് രണ്ട് മണിക്കൂർ ആയപ്പോഴാണ് ആശുപത്രിയിലെത്തിച്ചത്. ധാരാളം രക്തം വാർന്നുപോയിരുന്നു. മുതിർന്ന ഡോക്ടർമാർ അടക്കം പരിശോധിച്ചു. തുടർന്ന് വാസ്‌കുലർ സർജൻ ഉള്ള കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു.
108 ആംബുലൻസിലാണ് തോമസിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്. 108 ആംബുലൻസിൽ പരിശീലനം ലഭിച്ച നഴ്‌സിന്റെ സേവനം ലഭ്യമായിരുന്നുവെന്നും മരണ കാരണം അമിത രക്തസ്രാവം ആണെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ രീതിയിലും മികച്ച ആശുപത്രി വയനാട്ടിൽ ഉണ്ടാകണമെന്നാണ് സർക്കാരിന്റെ ആഗ്രഹം.അവിടെ ഇല്ലാത്ത സംവിധാനങ്ങൾ ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും വീണാ ജോർജ്ജ് പറഞ്ഞു.
തോമസിനെ ആശുപത്രിയിലെത്തിച്ചപ്പോൾ മികച്ച ചികിത്സ കിട്ടിയില്ലെന്നും, വിദഗ്ധ ഡോക്ടർമാർ ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്നും തോമസിന്റെ ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു. ഇതിൽ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി ഡിഎംഒയെ ചുമതലപ്പെടുത്തിയിരുന്നു. ഡിഎംഒ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.












