വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തെ വിമർശിച്ച് നടൻ ഇടവേള ബാബു. സിനിമ മുഴുവൻ നെഗറ്റീവ് ആണെന്നും, എങ്ങനെയാണ് ചിത്രത്തിന് സെൻസർഷിപ്പ് സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് മനസിലാകുന്നില്ലെന്നും ഇടവേള ബാബു പറഞ്ഞു. നിയമസഭാ രാജ്യാന്തര പുസ്‌കോത്സവത്തിന്റെ ഭാഗമായി സിനിമയും എഴുത്തും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിലാണ് ചിത്രത്തിനെതിരായ ഇടവേള ബാബുവിന്റെ വിമർശനം.
” മുകുന്ദൻ ഉണ്ണി എന്നൊരു സിനിമ ഇവിടെ ഇറങ്ങി. അതിന് എങ്ങനെ സെൻസറിംഗ് കിട്ടിയെന്ന് എനിക്കറിയില്ല. കാരണം ഫുൾ നെഗറ്റീവാണ്. പടം തുടങ്ങുന്നത് തന്നെ ‘ഞങ്ങൾക്കാരോടും നന്ദി പറയാനില്ല’ എന്ന വാചകത്തോടെയാണ്. ക്ലൈമാക്‌സിലെ ഡയലോഗ് ഞാൻ ഇവിടെ ആവർത്തിക്കുന്നില്ല. ചിത്രത്തിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാൻ പറ്റില്ല. അത്തരമൊരു ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. സിഗരറ്റ് വലിക്കുന്ന സീനിനും മദ്യക്കുപ്പി വയ്ക്കുന്ന സീനിനും മൂന്ന് തവണയെങ്കിലും മുന്നറിയിപ്പ് കാണിക്കണം. പക്ഷേ ഈ സിനിമ ഒന്ന് താണണം. ഫുൾ നെഗറ്റീവാണ്. അങ്ങനെ ഒരു സിനിമ ഇവിടെ ഓടി. ഇവിടെ ആർക്കാണ് മൂല്യച്യുതി സംഭവിച്ചത്. പ്രേക്ഷകർക്കാണോ അതോ സിനിമാക്കാർക്കോ?
പ്രൊഡ്യൂസർക്ക് ലാഭം കിട്ടിയ സിനിമയാണത്. എനിക്കൊന്നും അങ്ങനെ ഒരു സിനിമയെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റില്ല. ഞാൻ ഇതേക്കുറിച്ച് വിനീത് ശ്രീനിവാസനെ വിളിച്ച് ചോദിച്ചു. എങ്ങനെയാണ് ഈ സിനിമയിൽ അഭിനയിച്ചതെന്നാണ് ചോദിച്ചത്. ഏഴോളം നായകന്മാരോട് ഈ കഥ പറഞ്ഞു. ആരും അഭിനയിക്കാൻ തയ്യാറായില്ല. പക്ഷേ വിനീതിന് ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല. കാരണം വിനീതിന്റെ അസിസ്റ്റന്റാണ് ചിത്രം സംവിധാനം ചെയ്തത്. ഈ സിനിമ ഓടുമെന്ന് ആ സംവിധായകന് ഉറപ്പുണ്ടായിരുന്നു. സിനിമയുടെ പോക്ക് എവിടേക്കാണ് എന്ന് പറയുന്നതിനെക്കാൾ പ്രേക്ഷകൻ എങ്ങോട്ടേക്കാണ് പോകുന്നത് എന്ന കാര്യത്തിലാണ് തനിക്ക് അത്ഭുതം തോന്നിയതെന്നും” ഇടവേള ബാബു പറഞ്ഞു.
Discussion about this post