ഹൈദരാബാദ്: സെൽഫിയെടുക്കാൻ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിൽ കയറിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. വിശാഖപട്ടണത്ത് നിന്ന് സെക്കന്തരാബാദിലേക്കുള്ള ട്രെയിനിലാണ് സംഭവം. ട്രെയിൻ രാജമുദ്രിയിൽ എത്തിയപ്പോഴാണ് സെൽഫി എടുക്കാനായി യുവാവ് ട്രെയിന് ഉള്ളിലേക്ക് കയറിയത്. യുവാവ് ട്രെയിനുള്ളിൽ കയറി ഫോട്ടോ എടുത്തു കൊണ്ട് നിൽക്കുന്നതിനിടെ ഓട്ടോമാറ്റിക് ഡോർ അടയുകയായിരുന്നു.
ഉടനെ തന്നെ ഇയാൾ ഡോർ തുറക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും സാധിച്ചില്ല. അടുത്ത സ്‌റ്റോപ്പായ വിജയവാഡ വരെ യുവാവ് ട്രെയിനുള്ളിൽ കുടുങ്ങി. 159 കിലോമീറ്റർ ദൂരമാണ് രണ്ട് സ്ഥലങ്ങളും തമ്മിലുള്ളത്. അതേസമയം ഇയാൾ ട്രെയിനുള്ളിൽ കുടുങ്ങിയതിന്റേയും ട്രെയിൻ തുറക്കാൻ ശ്രമിക്കുന്നതിന്റേയും വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിങ്ങൾ എന്തിനാണ് ട്രെയിനിൽ കയറിയതെന്നും, ചെയ്തത് എന്താണ് എന്നതിനെ കുറിച്ച് ധാരണയുണ്ടോ എന്നും സ്‌റ്റേഷൻ മാസ്റ്റർ ചോദിക്കുന്നുണ്ട്. തുടർന്ന് 6000 രൂപയാണ് ഇയാൾക്ക് പിഴയായി അടയ്‌ക്കേണ്ടി വന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
https://twitter.com/FabulasGuy/status/1615338315628310528
ഇന്ത്യയിലെ എട്ടാമത്തേയും ദക്ഷിണേന്ത്യയിലെ രണ്ടാമത്തേയും വന്ദേഭാരത് ട്രെയിൻ ആണ് സെക്കന്തരാബാദിൽ നിന്നും വിശാഖപട്ടണത്തേക്ക് സർവീസ് നടത്തുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ ചെന്നൈ-മൈസൂർ റൂട്ടിലാണ് സർവീസ് നടത്തുന്നത്. സെമി ഹൈ സ്പീഡ് ട്രെയിനായ വന്ദേഭാരത് സർവീസ് ആരംഭിച്ചതോടെ 700 കിലോമീറ്റർ ദൂരം എട്ട് മുതൽ ഒൻപത് മണിക്കൂറിനുള്ളിൽ പിന്നിടാനാകും. മണിക്കൂറിൽ 140 മുതൽ 160 കിലോമീറ്റർ വരെ വേഗതയിലാണ് ട്രെയിനിന്റെ സഞ്ചാരം. വാറങ്കൽ, ഖമ്മം, വിജയവാഡ, രാജമുദ്രി തുടങ്ങിയ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും.
Discussion about this post