പത്തനംതിട്ട: ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനം ഇന്ന് സമാപിക്കും. മകരവിളക്ക് ദിവസം ആരംഭിച്ച അയ്യപ്പന്റെ എഴുന്നള്ളത്ത് നായാട്ട് വിളിയോടെ ശരംകുത്തിയിൽ എത്തി. രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ ഈ വർഷത്തെ മണ്ഡലകാല തീർത്ഥാടനം പര്യവസാനിക്കും. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മകരവിളക്ക്.
വാദ്യമേളങ്ങളുടെയും കറുപ്പും ചുവപ്പും നിറങ്ങളുള്ള കൊടികുറിയുടെയും അകമ്പടിയോടെയായിരുന്നു യാത്ര. ശരംകുത്തിയിൽ നിന്നും നിശബ്ദമായാകും യാത്ര തിരികെ പോകുക. തീർത്ഥാടനകാലത്ത് മാറ്റിനിർത്തപ്പെട്ട ഭൂതഗണങ്ങളെ അയ്യപ്പൻ തിരികെ വിളിച്ചുകൊണ്ടുവരുന്നു എന്നാണ് യാത്രയുമായി ബന്ധപ്പെട്ട് നിൽക്കുന്ന സങ്കൽപ്പം. ഇതേ തുടർന്നാണ് നിശബ്ദമായി തിരികെ മടങ്ങുന്നത്.പന്തളത്തു നിന്നും തിരുവാഭരണ ഘോഷയാത്രയ്‌ക്കൊപ്പം കൊണ്ടുവന്ന ഇഞ്ചിപ്പാറ തലപ്പാറ കോട്ടകളുടെ പ്രതീകങ്ങളാണ് കറുപ്പും ചുവപ്പും നിറമുള്ള കൊടികുറി.
ശബരിമലെ ചടങ്ങുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശരംകുത്തിയിലേക്കുള്ള അയ്യപ്പന്റെ എഴുന്നള്ളത്. മകരവിളക്ക് ദിനത്തിൽ മണിമണ്ഡപത്തിൽ നിന്നാണ് എഴുന്നള്ളത്ത് ആരംഭിക്കുക. തുടർന്ന് വാദ്യമേളങ്ങളോടെ എഴുന്നള്ളത്ത് 18ാം പടിയ്ക്ക് താഴെയെത്തും. ഇവിടെ നിന്നും നായാട്ടുവിളിയോടെയാണ് യാത്ര ശരംകുത്തിയിൽ എത്തുക. നാളെ രാവിലെ പന്തളം രാജപ്രതിനിധി ക്ഷേത്രത്തിൽ എത്തി ദർശനം നടത്തും.












