ഭുവനേശ്വർ: ഹോക്കി ലോകകപ്പിലെ നിർണായക മത്സരത്തിൽ വെയ്ൽസിനെതിരെ ഇന്ത്യക്ക് ജയം. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. ഷംഷേർ സിംഗും ഹർമൻപ്രീതും ആകാശ്ദീപുമാണ് ഇന്ത്യക്ക് വേണ്ടി സ്കോർ ചെയ്തത്. ഗാരെത് ഫർലോംഗും ഡ്രേപറുമാണ് വെയ്ൽസിന്റെ ഗോൾ സ്കോറർമാർ.
മന്ദീപിനെ വെൽഷ് താരം ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിക്കാൻ ഹർമൻപ്രീതിന് സാധിച്ചില്ല. എന്നാൽ റീബൗണ്ട് കണക്ട് ചെയ്ത ഷംഷേർ വലയുടെ വലത് മൂലയിൽ പന്തെതിച്ചതോടെ ഇന്ത്യയുടെ ആദ്യ ഗോൾ പിറന്നു. തുടർന്ന് വെയ്ൽസ് ആക്രമിച്ച് കളിച്ചുവെങ്കിലും ഒന്നാം പകുതി അവസാനിക്കുമ്പോൾ ഇന്ത്യ 1-0ന് മുന്നിലായിരുന്നു.
മുപ്പത്തിരണ്ടാം മിനിറ്റിൽ ആകാശ്ദീപും മന്ദീപും ചേർന്ന് നടത്തിയ മികച്ച നീക്കമാണ് ലക്ഷ്യം കണ്ടത്. ആകാശ്ദീപിൽ നിന്നും ലഭിച്ച പന്ത് മന്ദീപ് ആകാശ്ദീപിന് തന്നെ തിരിച്ചു നൽകി. ആശയക്കുഴപ്പത്തിലായ വെൽഷ് പ്രതിരോധ നിരയുടെ പതർച്ച മുതലെടുത്ത് ആകാശ്ദീപ് തൊടുത്ത ഷോട്ട് ഗോൾ പോസ്റ്റിന്റെ വലത് മൂലയിൽ തട്ടി ഉള്ളിലേക്ക് കയറുകയായിരുന്നു.
നാൽപ്പത്തിരണ്ടാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോർണർ വെയിൽസ് മുതലാക്കി. ഗാരെത് ഫർലോംഗാണ് ഗോൾ നേടിയത്. ജർമൻപ്രീത് പ്രതിരോധിക്കാൻ ശ്രമിച്ചുവെങ്കിലും ഫർലോംഗ് അതിനെ മനോഹരമായി അതിജീവിച്ചു.
രണ്ട് മിനിറ്റുകൾക്കിടെ ലഭിച്ച അടുത്ത പെനാൽറ്റി കോർണറും വെയ്ൽസ് ഗോളാക്കി മാറ്റിയതോടെ ഇന്ത്യൻ ആരാധകർ ആശങ്കയിലായി. ഫർലോംഗിന്റെ ഫ്ലിക്ക് ശ്രീജേഷ് തടഞ്ഞുവെങ്കിലും കയറിക്കളിച്ച ഡ്രേപർ പന്ത് വലയിലെത്തിച്ചു.
അവസാന ക്വാർട്ടറിന്റെ ആദ്യ മിനിറ്റിൽ തന്നെ ആകാശ്ദീപ് ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു. സുഖ്ജീതിന്റെ മനോഹരമായ റിട്ടേൺ പാസ് ആകാശ്ദീപ് വലയിലെത്തിക്കുകയായിരുന്നു. നാൽപ്പത്തിയേഴാം മിനിറ്റിൽ സുഖ്ജീതിന്റെ മനോഹരമായ ഷോട്ട് വെൽഷ് ഗോൾ കീപ്പർ തടഞ്ഞു. ഗോൾ എന്ന് തോന്നിച്ച അവസരമാണ് റെയ്നോൾഡ്സ് കോട്ടെറിൽ തടുത്തിട്ടത്.
അൻപത്തിയൊൻപതാം മിനിറ്റിൽ ഈ ലോകകപ്പിലെ തന്റെ ആദ്യ ഗോൾ പെനാൽറ്റി കോർണറിൽ നിന്നും കണ്ടെത്തിയ ഹർമൻപ്രീത്, ഇന്ത്യൻ വിജയം പൂർത്തിയാക്കുകയായിരുന്നു.
Discussion about this post