ന്യൂഡൽഹി;കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെ പ്രശംസിച്ച് മുൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ രഘുറാം രാജൻ. രാഹുൽ ഗാന്ധി വെറുമൊരു പപ്പുവല്ല. അദ്ദേഹത്തിൻറെ ആ പ്രതിച്ഛായ വളരെ ദൌർഭാഗ്യകരമാണ്. ഞാൻ ഏതാണ്ട് ഒരു ദശാബ്ദത്തോളം അദ്ദേഹവുമായി ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം വളരെ സമർത്ഥനായ മനുഷ്യനാണ് രഘു രാം രാജൻ പറഞ്ഞു.
ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൻറെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ രഘു രാം രാജൻ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുൽ ഗാന്ധിയെ പ്രശംസിച്ചത്. രാജസ്ഥാനിൽ വെച്ച് ഭാരത് ജോഡോ യാത്രയിൽ രഘു രാം രാജൻ രാഹുൽ ഗാന്ധിയോടൊപ്പം പങ്കു ചേർന്നിരുന്നു. ഇതു സംബന്ധിച്ച ചോദ്യങ്ങൾക്കായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.
കോൺഗ്രസ് പാർട്ടിയിലെ ഔദ്യോഗിക പദവികളിലേക്ക് രഘു രാം രാജൻ എത്തുന്നു എന്ന അഭ്യൂഹങ്ങളും ശക്തമാണ്. എന്നാൽ താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരുന്നില്ലെന്നാണ് ഇക്കാര്യത്തിൽ അദ്ദേഹം പ്രതികരിച്ചത്.
2013 സെപ്തംബർ മുതൽ 2016 സെപ്തംബർ വരെയുള്ള കാലയളവിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 23-ാമത്തെ ഗവർണറായിരുന്നു രഘു രാം രാജൻ. 2003-നും 2006-നും ഇടയിൽ അദ്ദേഹം അന്താരാഷ്ട്ര നാണയ നിധിയിൽ ചീഫ് ഇക്കണോമിസ്റ്റും റിസർച്ച് ഡയറക്ടറുമായിരുന്നു.
Discussion about this post