കറാച്ചി: യുഎൻ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിന് പിന്നാലെ അൽ ഖ്വായ്ദയുമായും ഐഎസുമായുമുള്ള ബന്ധം നിഷേധിക്കുന്ന വീഡിയോ പുറത്ത് വിട്ട് ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ അബ്ദുൾ റഹ്മാൻ മക്കി. ഇന്ത്യയിലെ സർക്കാർ നൽകിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തന്നെ പട്ടികയിൽ ചേർത്തതെന്നും ഇയാൾ ആരോപിക്കുന്നു. ” ഇന്ത്യയിലെ സർക്കാർ നൽകിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നെ ആഗോള ഭീകരരുടെ പട്ടികയിൽ പെടുത്തിയത്. റിപ്പോർട്ടുകളിൽ പറയുന്നത് പോലെ ഒസാമ ബിൻ ലാദനെയോ അയ്മൻ അൽ സവാഹിരിയെയോ അബ്ദുള്ള അസമിനെയോ ഞാൻ കണ്ടിട്ട് പോലുമില്ല. അതേപോലെ ഇസ്ലാമിക് യൂണിവേഴ്‌സിറ്റികളിൽ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും” ഇയാൾ വാദിക്കുന്നു.
അതേസമയം 166 പേരുടെ മരണത്തിനിടയാക്കിയ 26/11ലെ ആക്രമണത്തെക്കുറിച്ച് മക്കി യാതൊന്നും പറയാനും തയ്യാറായില്ല. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരൻ കൂടിയാണ് മക്കി. കഴിഞ്ഞ വർഷം ജൂണിൽ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ ഇന്ത്യയും യുഎസും യുഎന്നിൽ നടത്തിയ നീക്കം ചൈന തടഞ്ഞിരുന്നു. ഒടുവിൽ ചൈന ഇത് പിൻവലിച്ചതിനെ തുടർന്നാണ് യുഎൻ ഉപരോധ സമിതി പ്രമേയത്തിന് അംഗീകാരം നൽകിയത്. യുഎൻഎസ്സി 1267 എന്ന ഉപരോധസമിതിക്ക് കീഴിലാണ് മക്കിയെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയും അമേരിക്കയും ആഭ്യന്തര നിയമപ്രകാരം മക്കിയെ നേരത്തെ തന്നെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജമ്മു കശ്മീരിൽ ഉൾപ്പെടെ നിരവധി ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ ഭീകരനാണ് അബ്ദുൾ റഹ്മാൻ മക്കി. തീവ്രവാദ സംഘടനങ്ങൾക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കുക, യുവാക്കളെ റിക്രൂട്ട് ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഇയാൾ ഏർപ്പെട്ടിരുന്നു. മുംബൈ ഭീകരാക്രമണം, ചെങ്കോട്ട ആക്രമണം, രാംപൂർ സിആർപിഎഫ് ക്യാമ്പ് ആക്രമണം, കരൺ നഗർ ആക്രമണം, ഖാൻപോറ , ശ്രീനഗർ ആക്രമണം, തുടങ്ങിയവയിൽ മക്കിക്ക് പങ്കുണ്ടെന്നാണ് റിപ്പോർട്ട്. 2020ൽ പാകിസ്താൻ തീവ്രവാദ വിരുദ്ധ കോടതി തീവ്രവാദത്തിന് സഹായം നൽകിയതിന്റെ പേരിൽ മക്കിക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു.
Discussion about this post