കാമുകനും മുൻ കാമുകനും ഒരേ സമയം വീട്ടിലെത്തി ബഹളം വച്ചതിന് പിന്നാലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കിണറ്റിൽ ചാടി. മധ്യപ്രദേശിലെ ബേതുലിലാണ് സംഭവം. ആയുധങ്ങളുമായാണ് യുവാക്കളും ഇവരുടെ സുഹൃത്തുക്കളും എത്തിയതെന്നാണ് വിവരം. തങ്ങളുമായുള്ള ബന്ധത്തിന്റെ പേരിൽ ഇരുവരും പെൺകുട്ടിയുമായി കലഹിച്ചു. ഒടുവിൽ രണ്ട് പേരും ചേർന്ന് പെൺകുട്ടിയെ മർദ്ദിക്കാനും ആരംഭിച്ചു. ഇതിൽ നിന്ന് രക്ഷപെടാൻ വേണ്ടി പെൺകുട്ടി കിണറ്റിൽ ചാടിയെന്നാണ് റിപ്പോർട്ട്.
അഞ്ച് പേരാണ് പെൺകുട്ടിയുടെ വീട്ടിലെത്തിയത്. ഇതോടെ പെൺകുട്ടി വീടിന് പുറത്തേക്കിറങ്ങി ഓടിയ ശേഷം കിണറ്റിൽ ചാടുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ കിണറ്റിൽ നിന്നും രക്ഷപെടുത്തിയത്. ഉടൻ തന്നെ ഈ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, നില ഗുരുതരമാണെന്നാണ് വിവരം.
കുട്ടിയുടെ വീടിനുള്ളിൽ കയറി അതിക്രമം കാണിച്ച യുവാക്കളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മുൻ കാമുകനുമായുള്ള ബന്ധം പെൺകുട്ടി അവസാനിപ്പിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് ഇവർ പോലീസിനോട് പറഞ്ഞു. മുൻ കാമുകനും നിലവിലെ കാമുകനും തമ്മിൽ സംസാരിച്ച ശേഷമാണ് ഇവർ പെൺകുട്ടിയെ ആക്രമിക്കാൻ തീരുമാനിക്കുന്നത്. പെൺകുട്ടിയുടെ പിതാവും ഇവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്.
Discussion about this post