ലഖൻപൂർ: ഭാരത് ജോഡോ യാത്രയുമായി ജമ്മു കശ്മീരിലെത്തിയ വയനാട് എം പി രാഹുൽ ഗാന്ധിയെ ആദി ശങ്കരാചാര്യരോട് ഉപമിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള. ശങ്കരാചാര്യർക്ക് ശേഷം കന്യാകുമാരി മുതൽ കശ്മീർ വരെ കാൽനടയായി സഞ്ചരിച്ച ആദ്യ മനുഷ്യനാണ് രാഹുൽ ഗാന്ധിയെന്ന് ഫറൂഖ് അബ്ദുള്ള പറഞ്ഞു.
നേരത്തേ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് രാഹുൽ ഗാന്ധിയെ ശ്രീരാമനോട് ഉപമിച്ചിരുന്നു. രാഹുൽ ഗാന്ധി അമാനുഷികനാണ്. നമ്മളൊക്കെ തണുപ്പത്ത് ജാക്കറ്റ് ധരിച്ച് നടക്കുമ്പോൾ അദ്ദേഹം വെറും ടീ ഷർട്ട് മാത്രം ധരിച്ചാണ് പുറത്ത് പോകുന്നത്. അദ്ദേഹം തപസ് ചെയ്യുന്ന യോഗിയാണെന്നും ഖുർഷിദ് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ പ്രവേശിച്ചത്. ലഖൻപൂരിലെ കത്വയിൽ വെച്ചാണ് യാത്ര കശ്മീരിൽ കടന്നത്. ഫറൂഖ് അബ്ദുള്ള, പിഡിപി നേതാവ് മെഹബൂബ മുഫ്തി, നാഷണൽ കോൺഫറൻസ് നേതാവും ഫറൂഖ് അബ്ദുള്ളയുടെ മകനുമായ ഒമർ അബ്ദുള്ള, ശിവസേന ഉദ്ധവ്പക്ഷ നേതാവ് സഞ്ജയ് റാവത്ത് തുടങ്ങിയവർ യാത്രയെ സ്വീകരിക്കാൻ എത്തിയിരുന്നു.
Discussion about this post