പാലക്കാട്: ആർഎസ്എസ് നേതാവ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരു പോപ്പുലർ ഫ്രണ്ട് ഭീകരൻ കൂടി അറസ്റ്റിൽ. കൊല്ലങ്കോട് സ്വദേശി സൈദ് മുഹമ്മദ് ആഷിഖാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി.
ഇന്നലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ആഷിഖ് ഒളിവിലായിരുന്നു. അടുത്തിടെ ഇയാളുടെ രഹസ്യതാവളം സംബന്ധിച്ച് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പോപ്പുലർ ഫ്രണ്ട് ജില്ലാ റിപ്പോർട്ടർ ആയിരുന്നു ഇയാൾ. സഞ്ജിത്തിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സംഘത്തിൽ ഇയാളും ഉൾപ്പെട്ടിട്ടുണ്ട്. ആർഎസ്എസ് നേതാവ് ശ്രീനിവാസ് കൃഷ്ണയുടെ കൊലപാതവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് സൂചന. ഇക്കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സഞ്ജിത്ത് വധക്കേസിൽ ആകെ 24 പ്രതികളാണ് ഉള്ളത്. ഇതിൽ ഒൻപത് പേർ ഇനിയും പിടിയിലാകാനുണ്ട്. ഇവർക്കായി അന്വേഷണം തുടരുകയാണ്.
2021 നവംബർ 15 നാണ് പോപ്പുലർ ഫ്രണ്ട് ഭീകരർ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിൽ ഭാര്യയ്‌ക്കൊപ്പം പോകുകയായിരുന്ന സഞ്ജിത്തിനെ വാഹനങ്ങളിൽ എത്തിയ അക്രമി സംഘം വാഹനം തടഞ്ഞ് വെട്ടി വീഴ്ത്തുകയായിരുന്നു.












