കൊല്ലം: നായ്ക്കളിൽ കനൈൻ ഡിസ്റ്റംബർ വൈറസ് പടരുന്നു. കൊല്ലം ജില്ലയിലെ നായ്ക്കളിലാണ് വ്യാപകമായ തോതിൽ വൈറസ് ബാധ കണ്ടെത്തിയത്. ജില്ലയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി തെരുവ് നായ്ക്കളാണ് ചത്ത് വീണത്. അതേസമയം ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും, നായ്ക്കളിൽ നിന്ന് നായ്ക്കളിലേക്ക് മാത്രമാണ് ഇത് പകരുന്നതെന്നും, വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നുമാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്.
കഴിഞ്ഞ നവംബർ മുതലാണ് നായ്ക്കളിൽ രോഗബാധ ആദ്യമായി കണ്ടു തുടങ്ങിയത്. കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലെ നായക്കളിൽ ആദ്യം രോഗം സ്ഥിരീകരിച്ചു. പിന്നീട് മൂന്ന് മാസം കൊണ്ട് ഇത് വ്യാപിച്ചു. നായ്ക്കളുടെ തലച്ചോറിനെയാണ് വൈറസ് ബാധിക്കുന്നത്. ഭക്ഷണം കഴിക്കാനാകാതെ തളർന്നു പോകുന്ന അവസ്ഥയിലെത്തുകയും ചെയ്യും. രോഗം വന്നാൽ രണ്ട് ആഴ്ചയ്ക്കുള്ളിൽ മരണം സംഭവിക്കും.
പേ വിഷബാധയ്ക്ക് സമാനമായ ലക്ഷണങ്ങളാണ് വൈറസ് ബാധയേറ്റ നായകളും പ്രകടിപ്പിക്കുന്നത്. വളർത്തു നായകൾക്ക് ഈ രോഗം വരാതിരിക്കാൻ മുൻകരുതലായി പ്രതിരോധ കുത്തിവയപ്പ് എടുക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ആയിരത്തിലധികം നായ്ക്കൾ രോഗം ബാധിച്ച് ചത്തുവെന്നാണ് റിപ്പോർട്ട്.












