ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്. കാലിഫോർണിയയിൽ ഉണ്ടായ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. മോണ്ടേറി പാർക്കിൽ രാത്രിയോടെയായിരുന്നു സംഭവം.
പാർക്കിൽ ചൈനീസ് പുതുവത്സരാഘോഷ പരിപാടികൾ നടക്കുകയായിരുന്നു. ഇതിനിടെ രാത്രി 10 മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. തോക്കുമായി എത്തിയ അക്രമി ഒത്തു കൂടിയവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. 20 ലധികം പേർക്കാണ് വെടിയേറ്റത് എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ 16 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. അതിനാൽ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ. അക്രമിയ്ക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായുള്ള നടപടികൾ തുടരുകയാണ്. ആയിരക്കണക്കിന് പേരാണ് പരിപാടിയിൽ പങ്കെടുക്കാൻ പാർക്കിൽ ഒത്തു കൂടിയത്.
ഈ ആഴ്ച ഇത് രണ്ടാം തവണയാണ് അമേരിക്കയിൽ വെടിവെയ്പ്പ് ഉണ്ടാകുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച അമേരിക്കയിലെ ഫ്ളോറിഡ പാർക്കിലുണ്ടായ ആക്രമണത്തിൽ 9 പേർക്ക് പരിക്കേറ്റിരുന്നു.
Discussion about this post