ലക്‌നൗ: വിവാഹമണ്ഡപത്തിൽ വച്ച് വിവാഹത്തിൽ നിന്ന് പിൻമാറി വധു. ഉത്തർപ്രദേശിലെ ഫറൂഖാബാദ് ജില്ലയിലാണ് സംഭവം. 21 കാരിയായ റീത്താ സിംഗ് എന്ന യുവതിയാണ് വിവാഹം നടക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ വിവാഹം വേണ്ടെന്ന് വച്ചത്.
വിവാഹ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ വരന്റെയും വീട്ടുകാരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയ പുരോഹിതൻ ഇക്കാര്യം വധുവിനെയും വീട്ടുകാരെയും അറിയിക്കുകയായിരുന്നു. യുവാവിന് മാനസികപ്രശ്‌നമുണ്ടെന്നായിരുന്നു സംശയം. തുടർന്ന് ആ സംശയം മാറ്റിയിട്ട് വിവാഹിതയായാൽ മതിയെന്ന് വധു തീരുമാനിച്ചു. ഉടനെ യുവതി ഒരു പരീക്ഷണം യുവാവിന് നൽകുകയായിരുന്നു.
കുറച്ച് കറൻസി നോട്ടുകൾ നൽകി അത് എണ്ണാനായിരുന്നു യുവതി ആവശ്യപ്പെട്ടത്. 10 രൂപയുടെ 30 നോട്ടുകൾ എണ്ണാൻ ആണ് വധു വരന് നൽകിയത് എന്നാൻ നോട്ട് എണ്ണാൻ യുവാവിന് ആയില്ല. ഇതോടെ വരന്റെ വീട്ടുകാരോട് രോഗത്തെ പറ്റി തിരക്കി. ഏറെ നേരം ചോദ്യം ചെയ്തതോടെ വരന് മാനസികരോഗമുണ്ടെന്ന് അവർ വെളിപ്പെടുത്തി. പിന്നാലെ വധു വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ബന്ധുമുഖേന കണ്ടെത്തിയ ബന്ധമായതിനാൽ വധു വിവാഹത്തിന് മുൻപ് വരനെ നേരിട്ട കാണാത്തതാണ് പ്രശ്‌നം ഗുരുതരമാക്കിയത്.








