“ദൈവത്തിന്റെ പേരിൽ, ഭാരത ജനതയെ ഒരു രാഷ്ട്രമായി കരുപ്പിടിപ്പിച്ച ഭൂതകാല തലമുറകളുടെ പേരിൽ, നമുക്ക് ധീരതയുടേയും ആത്മ ത്യാഗത്തിന്റേയും പാരമ്പര്യം പകർന്ന് തന്ന വീരന്മാരുടെ പേരിൽ, ഭാരത സ്വാതന്ത്ര്യത്തിനു വേണ്ടി നമ്മുടെ പതാകയ്ക്ക് കീഴെ അണിനിരന്ന് ആഞ്ഞടിക്കാൻ നാം ഭാരത ജനതയെ ആഹ്വാനം ചെയ്യുന്നു. ബ്രിട്ടീഷുകാർക്കെതിരെ അന്തിമ സമരം ആരംഭിക്കാനും അന്തിമ വിജയത്തിൽ ഉറച്ച വിശ്വാസത്തോടെ , ധീരമായും ദൃഢനിശ്ചയത്തോട് കൂടിയും ഭാരതമണ്ണിൽ നിന്ന് ശത്രുവിനെ പുറത്താക്കി ഇന്ത്യൻ ജനത സ്വതന്ത്രമാകുന്നത് വരെ അത് തുടരണമെന്നും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു “
ഭാരതത്തിന്റെ സായുധ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പവിത്രമായ ദിവസമായിരുന്നു 1943 ഒക്ടോബർ 21. അന്ന് അയ്യായിരത്തിൽ പരം വരുന്ന സേനാംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ , സ്വതന്ത്ര ഭാരതത്തിന്റെ താത്കാലിക സർക്കാർ രൂപീകരിച്ചതായി ഐ.എൻ.എ സർവ്വ സൈന്യാധിപൻ സുഭാഷ് ചന്ദ്രബോസ് വിളംബരം ചെയ്തു. ചാഫേക്കർ സഹോദരന്മാരും വാസുദേവ ബൽവന്ത് ഫഡ്കേയും ഭഗത് സിംഗും ചന്ദ്രശേഖർ ആസാദുമടക്കമുള്ള ധീരന്മാർ ഏത് സ്വപ്ന സാഫല്യത്തിന് വേണ്ടിയാണോ ബലിദാനികളായത് അത് സാക്ഷാത്കരിക്കപ്പെട്ടു. ബ്രിട്ടീഷ് മേൽക്കോയ്മയെ തറപറ്റിച്ച് 1947 ൽ ഭാരതം സ്വതന്ത്രമായതിന്റെ പ്രധാന കാരണവും നേതാജിയിൽ നിന്നുയർന്ന ഈ സ്വാതന്ത്ര്യ കൊടുങ്കാറ്റായിരുന്നു..
1897 ജനുവരി 23 ന് ഒഡിഷയിലെ കട്ടക്കിൽ ജാനകീനാഥ് ബോസിന്റെയും പ്രഭാവതിയുടേയും മകനായി ജനനം. മിടുക്കനായ വിദ്യാർത്ഥിയായിരുന്നു സുഭാഷ്. പ്രസിഡൻസി കോളേജിലെ ബിരുദ പഠനത്തിനു ശേഷം പ്രസിദ്ധമായ കേംബ്രിഡ്ജ് സർവകലാശാലയിൽ. പിന്നീട് ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം. പക്ഷേ മാതൃഭൂമിയുടെ സ്വാതന്ത്ര്യം മാത്രമായിരുന്നു ആ യുവാവിന്റെ സ്വപ്നം. ചങ്ങലകളിൽ കിടക്കുന്ന ഭാരതത്തെ മോചിപ്പിക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം. സിവിൽ സർവീസ് വിജയവും ഉന്നത ഉദ്യോഗവും വലിച്ചെറിഞ്ഞ് ആ ധീരൻ സ്വാതന്ത്ര്യ സമരാഗ്നിയിലേക്ക് എടുത്തു ചാടി. ചർച്ചകളല്ല സമരങ്ങളാണ് ചരിത്രം സൃഷ്ടിക്കുകയെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അതുകൊണ്ട് തന്നെ 1921 ൽ നടന്ന ഗാന്ധിജിയുമായുള്ള സന്ദർശനം നിരാശാജനകമായി മാറി. വിപ്ലവത്തിന്റെ തീച്ചൂളയിൽ ജ്വലിക്കാനാഗ്രഹിച്ച ആ യുവാവിന് ഗാന്ധിജിയുടെ തണുപ്പൻ മട്ട് അംഗീകരിക്കാനായില്ല.
സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള തീവ്രമായ ആഗ്രഹം അദ്ദേഹത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് പുറത്തേക്ക് നയിച്ചു. ഗാന്ധിജിയുടെ പിന്തുണയുള്ള പട്ടാഭി സീതാരാമയ്യയെ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി പ്രസിഡന്റായതിനു ശേഷമായിരുന്നു ഈപുറത്തുപോകൽ. പ്രസിഡന്റായതിനു ശേഷം അദ്ദേഹത്തിനെതിരെ നടന്ന ഉപജാപത്തിനു കയ്യും കണക്കുമുണ്ടായിരുന്നില്ല. ഒടുവിൽ ആ ധീര ദേശാഭിമാനി സ്വതന്ത്രമായി പോരാട്ടത്തിനിറങ്ങാൻ തീരുമാനിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വിറപ്പിച്ച ഐതിഹാസികമായ സായുധ സമരം ഇന്ത്യൻ നാഷണൽ ആർമിയിലൂടെ അവിടെ ആരംഭിക്കുകയായിരുന്നു.
സ്വാതന്ത്ര്യ പോരാട്ടത്തിൽ ഇന്ത്യയെ പിന്തുണയ്ക്കാൻ അച്ചുതണ്ട് ശക്തികളോട് ആവശ്യപ്പെടുമ്പോഴും അഭിമാനം അടിയറ വെക്കാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. ഞാനാരുടേയും ഭിക്ഷാംദേഹിയായി വന്നവനല്ല. എന്റെ ജനങ്ങളോട് സംസാരിക്കാൻ എനിക്കാരുടേയും അനുമതി ആവശ്യമില്ല എന്ന് ഹിറ്റ്ലറുടെ ജർമ്മനിയിൽ നിന്ന് പ്രഖ്യാപിക്കാൻ ആ ധീരന് ഒരു മടിയുമുണ്ടായിരുന്നില്ല. ജപ്പാനുമായുള്ള ബന്ധം പിന്നീട് ഇന്ത്യക്ക് അപകടകരമാകില്ലേ എന്ന ചോദ്യത്തിന് ഒരു തോക്ക് കൊണ്ട് മുന്നോട്ട് മാത്രമല്ല പിന്നോട്ടും വെടിവെക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
നേതാജിയുടെ തിരോധാനം ഇന്നുമൊരു കടങ്കഥയായി തുടരുന്നു . 1945 ആഗസ്റ്റ് 18 നു സെയ്ഗോണിൽ നിന്ന് ടോക്കിയോയിലേക്ക് പറക്കുന്നതിനിടെ തായ്ഹോക്കു വിമാനത്താവളത്തിൽ തകർന്നു വീണ വിമാനത്തിൽ സുഭാഷ് ബോസ് ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്. കൂടെയുണ്ടായിരുന്ന ഐ എൻ എ ചീഫ് ഓഫ് സ്റ്റാഫ് ഹബീബ് റഹ്മാൻ പൊള്ളലേറ്റെങ്കിലും രക്ഷപ്പെടുകയായിരുന്നത്രെ . തായ്ഹോക്ക് സൈനിക ആശുപത്രിയിൽ വച്ച് രാത്രി ഒൻപതരയോടെ അദ്ദേഹം വീരമൃത്യു വരിച്ചതായാണ് പറയപ്പെടുന്നത് . എന്നാൽ അദ്ദേഹം ആ അപകടത്തിൽ മരിച്ചുവെന്ന് ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ഇന്ത്യൻ നാഷണൽ ആർമിയുടെ ചരിത്ര പ്രസിദ്ധമായ പോരാട്ടത്തിന് ശുഭകരമായ പര്യവസാനമായിരുന്നില്ല ഉണ്ടായത്. എങ്കിലും ബ്രിട്ടീഷുകാർ ഇന്ത്യവിട്ടു പോകാൻ കാരണമാകുന്ന രീതിയിൽ സായുധ പോരാട്ടം നടത്താൻ നേതാജിക്ക് കഴിഞ്ഞു. ബ്രിട്ടീഷിന്ത്യയിലെ ഇന്ത്യൻ സൈനികരുടെ ഉള്ളിൽ ദേശപ്രേമം ജ്വലിപ്പിക്കാൻ ആ പോരാട്ടത്തിന് സാധിച്ചു. ഇന്ത്യയെ കോളനിയായി സംരക്ഷിക്കാൻ ഇനി ഇന്ത്യക്കാരെ കിട്ടുകയില്ലെന്ന് ബ്രിട്ടനു മനസ്സിലായി. വർദ്ധിത വീര്യത്തോടെ ആഞ്ഞടിക്കുന്ന സ്വാതന്ത്ര്യ പോരാളികളെ തടയാൻ ആവശ്യമായ സൈന്യത്തെ ഇന്ത്യയിൽ നിർത്താൻ കഴിയില്ലെന്നും അവർ തിരിച്ചറിഞ്ഞു. സ്വാഭാവികമായും പിന്മാറ്റമായിരുന്നു മുഖം രക്ഷിക്കാൻ ബ്രിട്ടൻ സ്വീകരിച്ച തന്ത്രം.
പക്ഷേ ഭാരതം സ്വാതന്ത്ര്യം നേടിയതിന്റെ പ്രേരണാ സ്രോതസ് അഹിംസയല്ല സായുധ പോരാട്ടമായിരുന്നു എന്നും അതിന്റെ നായകൻ നേതാജി സുഭാഷ് ബോസ് ആയിരുന്നുവെന്നും നാം ഇനിയും പഠിച്ചിട്ടില്ലെന്ന് മാത്രം. നേതാജി സുഭാഷ് ചന്ദ്ര ബോസ് ഒരഗ്നി നക്ഷത്രമായി ജനിച്ചു.. ജ്വലിച്ചു.. മണ്മറഞ്ഞു.. പക്ഷേ അദ്ദേഹം ജ്വലിപ്പിച്ച ആദർശത്തിന്റെ ദീപശിഖ ആയിരമായിരം ദീപനാളങ്ങളായി ഭാവി ഭാരതത്തിന് വെളിച്ചമേകാൻ എന്നെന്നും നിലനിൽക്കുക തന്നെ ചെയ്യും ….









Discussion about this post