ഡെറാഡൂൺ: ഹലാൽ ബാങ്കിംഗിന്റെ മറവിൽ തട്ടിപ്പ് നടത്തിയ സ്വകാര്യ ബാങ്ക് ഉടമസ്ഥർ ആയിരക്കണക്കിന് പേരുടെ പണവുമായി മുങ്ങി. ഉത്തരാഖണ്ഡിലെ ജ്വാലാപൂരിലായിരുന്നു സംഭവം. നിക്ഷേപകർക്ക് കോടിക്കണക്കിന് രൂപയാണ് നഷ്ടമായത് എന്നാണ് വിവരം.
പണം നഷ്ടമായതോടെ, ബാങ്ക് ഉടമയായ അബ്ദുൾ റസാഖിനെതിരെ നിരവധി പേരാണ് ജ്വാലാപൂർ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
മുസ്ലിം ഈംദാദി ഫണ്ട് എന്ന പേരിൽ കഴിഞ്ഞ പത്ത് വർഷമായി പലിശ രഹിത ഹലാൽ ബാങ്കിംഗ് നടത്തി വരികയായിരുന്നു അബ്ദുൾ റസാഖ്. ദിവസ വേതനക്കാർ മുതൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥർ വരെ ഇയാളുടെ പക്കൽ പണം നിക്ഷേപിച്ചിരുന്നു. ആവശ്യമുള്ളപ്പോൾ പണം പിൻവലിക്കുകയായിരുന്നു ഇവിടത്തെ രീതി.
കബീർ മ്യൂച്വൽ ബെനിഫിറ്റ് നിധി ലിമിറ്റഡ് എന്ന പേരിലായിരുന്നു അബ്ദുൾ റസാഖ് കമ്പനി രജിസ്റ്റർ ചെയ്തിരുന്നത്. ഇരുപത്തിരണ്ടായിരം പേരുടെ നിക്ഷേപ വിവരങ്ങളുടെ രേഖകൾ പോലീസിന് ലഭ്യമായതായാണ് വിവരം. കുറച്ച് ദിവസമായി ഓഫീസ് തുറക്കുന്നുണ്ടായിരുന്നില്ല. സ്ഥാപനത്തിലെ ജീവനക്കാരെയും കാണാനുണ്ടായിരുന്നില്ല. സംശയം തോന്നിയ ഇടപാടുകാർ കൂടുതൽ അന്വേഷിച്ചതോടെയാണ്, തട്ടിപ്പിനിരയായ വിവരം ബോദ്ധ്യമായത്.
ഇസ്ലാമിക വിശ്വാസ പ്രകാരം പലിശ വാങ്ങുന്നത് ഹറാമാണ്. അതിനാലാണ് വിശ്വാസികൾ പലപ്പോഴും ഇത്തരം പലിശ രഹിത ഹലാൽ ബാങ്കുകളെ ആശ്രയിക്കുന്നത്.
Discussion about this post