തിരുവനന്തപുരം: കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപനം. സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാനാണ് കേന്ദ്രനീക്കമെന്ന് ആയിരുന്നു വിമർശനം. സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന നയപ്രഖ്യാപനത്തിൽ കേരളം സാമ്പത്തിക വളർച്ച കൈവരിച്ചതായും അവകാശപ്പെടുന്നു. സംസ്ഥാന സർക്കാർ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് നിയമസഭയിൽ അവതരിപ്പിച്ചത്.
സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ടായിരുന്നു നയപ്രഖ്യാപനം തുടങ്ങിയത്. സാമൂഹിക, സാമ്പത്തിക മേഖലകളിൽ നേട്ടം കൈവരിക്കാൻ കേരളത്തിന് സാധിച്ചുവെന്നാണ് നയപ്രഖ്യാപനത്തിൽ അവകാശപ്പെടുന്നു. പ്രതിസന്ധികൾക്കിടയിലും കേരളം സാമ്പത്തിക വളർച്ച കൈവരിച്ചു. 17 ശതമാനം വളർച്ചയാണ് നേടിയത്.
സുസ്ഥിര വികസനമാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു. നിക്ഷേപത്തിന് കൂടുതൽ അവസരമൊരുക്കാനും വ്യവസായ മേഖലയിലെ കുതിച്ചു ചാട്ടത്തിനും അവസരമുണ്ടായി എന്നും അവകാശപ്പെടുന്നു.
വയോജന സംരക്ഷണത്തിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിലും കേരളം മുന്നിലാണ്. കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുകയും സർക്കാർ ഉദ്യോഗസ്ഥർക്ക് ഇൻഷുറൻസ് പദ്ധതി ആവിഷ്‌ക്കരിക്കുകയും ചെയ്തു. സർക്കാർ കടമെടുപ്പ് തടയാനുള്ള നീക്കങ്ങൾ തുടരുകയാണ്. ശക്തമായ രാജ്യത്തിന് ശക്തമായ കേന്ദ്രവും അധികാരശ്രേണികളും വേണം. ജനങ്ങളുടെ താത്പര്യങ്ങൾ പ്രതിഫലിക്കുന്ന നിയമസഭകൾ സംരക്ഷിക്കപ്പെടണമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്നും ഗവർണർ വ്യക്തമാക്കി. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പരിഗണന നൽകും. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കി മാറ്റും. സംസ്ഥനത്തെ ആരോഗ്യ മേഖലയിലും വൻ നേട്ടങ്ങളുണ്ടായി. സർക്കാർ ആശുപത്രികളിൽ ചികിത്സ മകിച്ചതും ചെലവ് കുറഞ്ഞതുമായി. ലിംഗ സമത്വ ബോധവത്കരണത്തിനായി പദ്ധതി രൂപീകരിക്കുമെന്നും ന്യൂനപക്ഷ ക്ഷേമത്തിനായി നിരവധി പദ്ധതികൾ ഉണ്ടാക്കുമെന്നും അവകാശപ്പെടുന്നുണ്ട്.
സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നാണ് സർക്കാരിൻറെ വാദം. ഡിപിആർ അന്തിമ അനുമതിക്കായി അയച്ചിരിക്കുകയാണ്. കാര്യക്ഷമവും വേഗതയുമുള്ള യാത്രയ്ക്ക് സിൽവർലൈൻ വേണമെന്നും ഗവർണർ പറഞ്ഞു.
Discussion about this post