തിരുവനന്തപുരം : കേരളത്തിൽ ഇന്ധനവില കൂടുതലായതിനാൽ കർണാടകയിൽ നിന്ന് ഡീസലടിച്ചാൽ മതിയെന്ന് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ. കർണാടയിലേക്ക് സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾക്കാണ് ഈ പ്രത്യേക നിർദ്ദേശം നൽകിയിരിക്കുന്നത്. കർണാടകയിൽ നിന്ന ഇന്ധനം വാങ്ങാൻ പ്രത്യേകം ഫ്യുവൽകാർഡും കെഎസ്ആർടിസി നൽകിയിട്ടുണ്ട്.
കേരളത്തിൽ 95.66 രൂപയാണ് ഡീസലിന്റെ വില. കർണാകയിൽ ഇത് 87.36 രൂപയാണ്. അതുകൊണ്ട് തന്നെ അയൽ സംസ്ഥാനത്ത് നിന്ന് ഡീസലടിക്കുന്നതാണ് ലാഭം എന്നാണ് കെഎസ്ആർടിസി എംഡി പറയുന്നത്. ഇതിലൂടെ മൂന്നേകാൽ ലക്ഷത്തോളം രൂപ ലാഭിക്കാനാകും എന്നും കണക്കുകൾ വ്യക്തമാക്കുന്നു.
മാനന്തവാടി വഴി കർണാടകയിലേക്ക് പോകുന്ന 15 സ്വിഫ്റ്റ് ബസുകളും ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർവീസ് നടത്തുന്ന രണ്ടു ബസുകളുമാണ് കർണാടക റൂട്ടിൽ പ്രവർത്തിക്കുന്നത്. പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നാണ് ഈ വാഹനങ്ങളിൽ ഡീസൽ അടിച്ചിരുന്നത്. എന്നാൽ കർണാടകയിൽ നിന്ന് ഇന്ധനം നിറയ്ക്കാൻ തുടങ്ങിയതോടെ പ്രതിമാസം 3.15 ലക്ഷം രൂപ ലാഭിക്കാനായി. ദിവസവും 1500 ലിറ്റർ ഡീസലാണ് ഈ സർവീസുകൾ കർണാടകയിൽ നിന്ന് അടിക്കുന്നത്.
കേന്ദ്ര സർക്കാർ ഇന്ധനവിലയിലെ എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ ബിജെപി ഭരണ സംസ്ഥാനങ്ങളും പെട്രോൾ, ഡീസൽ വില കുറച്ചിരുന്നു. എന്നാൽ കേരളം അന്ന് നികുതി കുറയ്ക്കാൻ തയ്യാറായില്ല. തുടർന്ന് ശക്തമായ പ്രതിഷേധം ഉയർന്നതോടെ പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും കുറച്ചു. അപ്പോഴും കർണാടകയിൽ ഡീസലിന് ഏഴുരൂപയും പെട്രോളിന് അഞ്ചുരൂപയും കേരളത്തേക്കാൾ കുറവുണ്ടായിരുന്നു. കർണാടകയിൽ വില കുറഞ്ഞതോടെ അതിർത്തി പ്രദേശത്തുള്ള ജനങ്ങൾ അയൽ സംസ്ഥാനത്ത് പോയാണ് ഇന്ധനം നിറയ്ക്കുന്നത്.
Discussion about this post