ന്യൂഡൽഹി: 2016ലെ ഉറി ആക്രമണത്തിന് ഇന്ത്യൻ സൈന്യം നടത്തിയ സർജ്ജിക്കൽ സ്‌ട്രൈക്കിന് തെളിവ് ചോദിച്ച മുതിർന്ന നേതാവ് ദിഗ് വിജയ് സിംഗിന്റെ പരാമർശം തള്ളി പാർട്ടി. ദിഗ് വിജയ് സിംഗ് നടത്തിയത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും, പാർട്ടി ഇതിനെ അംഗീകരിക്കുന്നില്ലെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ” ദിഗ് വിജയ് സിംഗ് പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. അതൊരിക്കലും കോൺഗ്രസ് പാർട്ടിയുടെ അഭിപ്രായമല്ല. 2014ന് മുൻപ് യുപിഎ സർക്കാരും സർജ്ജിക്കൽ സ്‌ട്രൈക്കുകൾ നടത്തിയിട്ടുണ്ട്. ദേശീയ താത്പര്യമുള്ള എല്ലാ സൈനിക നടപടികളേയും കോൺഗ്രസ് എല്ലാക്കാലത്തും പിന്തുണയ്ക്കുമെന്നും” ജയറാം രമേശ് പറഞ്ഞു.
2016ൽ സർജ്ജിക്കൽ സ്ട്രൈക്കുകൾ നടന്നു എന്നതിന് തെളിവില്ലെന്നായിരുന്നു ദിഗ് വിജയ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഭാരത് ജോഡോ യാത്രയ്ക്കിടെ ദിഗ് വിജയ് സിംഗ് നടത്തിയ പരാമർശം വലിയ വിവാദമായതിന് പിന്നാലെയാണ് കോൺഗ്രസ് ദിഗ് വിജയ് സിംഗിനെ തള്ളി രംഗത്തെത്തിയത്.
സർജ്ജിക്കൽ സ്‌ട്രൈക്ക് നടത്തിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, ഒരു തെളിവും കാണിച്ചിട്ടില്ല. ബിജെപി നുണകൾ മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞിരുന്നു. പ്രധാനമന്ത്രിയോടുള്ള അന്ധമായ വിരോധം കാരണം ദിഗ് വിജയ് സിംഗ് അന്ധനായെന്നാണ് ബിജെപി വിമർശിച്ചത്. നിരുത്തരവാദപരമായ പരാമർശങ്ങൾ നടത്തുന്നത് കോൺഗ്രസിന്റെ പതിവാണെന്നും ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ വിമർശിച്ചു.
Discussion about this post