തിരുവനന്തപുരം :ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 16 കാരിയെ പ്രലോഭിപ്പിച്ച് പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവ് പിടിയിൽ. വെമ്പായം പെരുംകൂർ സ്വദേശിയും നാടൻപാട്ട് കലാകാരനുമായ വിഷ്ണു ആണ് അറസ്റ്റിലായത്. കൊല്ലം സ്വദേശിയായ പെൺകുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടശേഷം വട്ടപ്പാറയിലെ വീട്ടിലെത്തിച്ച് നിരന്തരമായി പീഡനത്തിരയാക്കി എന്നാണ് കേസ്.
രണ്ട് വർഷം മുൻപാണ് ഇയാൾ പെൺകുട്ടിയുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് കുട്ടിയുടെ അമ്മയുടെ നമ്പറിലേക്ക് നിരന്തരമായി വിളിക്കുകയും കുട്ടിയെ പ്രലോഭിപ്പിക്കുകയും ചെയ്യുകയായിരുന്നു. നിരവധി തവണ പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു.
2023 ജനുവരി 15ന് പരിപാടി അവതരിപ്പിക്കാൻ പോയ പ്രതി അന്നേ ദിവസം പെൺകുട്ടിയെ വിളിച്ചിറക്കി വട്ടപ്പാറയിലെ സ്വന്തം വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിക്കുകയായിരുന്നു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തി പെൺകുട്ടിയുടെ മൊഴിയെടുത്തു. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
കേസിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പെൺകുട്ടിയെ സംരക്ഷണത്തിനായി സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി.












