ന്യൂഡൽഹി: വന്ദേഭാരതിന് പിന്നാലെ മിനി വന്ദേ ഭാരത് രാജ്യത്ത് അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഈ വർഷം മാർച്ച്-ഏപ്രിൽ മാസത്തിൽ മിനി വന്ദേഭാരത് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കാനാണ് തീരുമാനം. പരീക്ഷണ ഓട്ടം വിജയിക്കുകയാണെങ്കിൽ വന്ദേഭാരതിന്റെ മിനി ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ രാജ്യവ്യാപകമായി പുറത്തിറക്കും.
അതിവേഗ എക്സ്പ്രസ് ട്രെയിനായ വന്ദേഭാരതിന്റെ ചെറുപതിപ്പായിരിക്കും ഇത്. വന്ദേഭാരത് എക്സ്പ്രസിൽ 16 കോച്ചുകളാണ് ഉള്ളതെങ്കിൽ മിനി വന്ദേഭാരതിൽ എട്ട് കോച്ചുകളായിരിക്കും ഉള്ളത്. ഏതെങ്കിലും പ്രത്യേക റൂട്ടിൽ യാത്രക്കാർ കൂടുതലുണ്ടെങ്കിൽ കോച്ചുകൾ കൂട്ടിച്ചേർക്കാനുള്ള വ്യവസ്ഥയുമുണ്ട്. ഡൽഹി മെട്രോയുടെ സമാനമായ മാതൃകയായിരിക്കും ഇതിനും ഉള്ളത്.
ഹ്രസ്വദൂര റൂട്ടിലുള്ള സർവീസുകളാണ് ഇത്തരം മിനി വന്ദേഭാരതുകൾ ലക്ഷ്യമിടുന്നത്. നിലവിൽ 6 മുതൽ ഏഴ് വരെ മണിക്കൂർ സമയമെടുക്കുന്ന റൂട്ടുകളിലായിരിക്കും വന്ദേഭാരത് ഓടുന്നത്. നാല് മുതൽ അഞ്ച് മണിക്കൂറിനുള്ളിൽ ഈ ദൂരം മിനി വന്ദേഭാരത് പൂർത്തിയാക്കും. അമൃത്സർ-ജമ്മു, കാൺപൂർ-ഝാൻസി, നാഗ്പൂർ-പൂനെ തുടങ്ങിയ റൂട്ടുകളിലൂടെയാകും ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ മിനി വന്ദേഭാരത് ഓടിക്കുന്നത്.
റെയിൽവേ വരുമാനം വർദ്ധിപ്പിക്കുക എന്നതാണ് മിനി വന്ദേഭാരത് വഴി പ്രധാനമായും ലക്ഷ്യമിടുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്തെത്താനും ഇത് വഴി സാധിക്കുന്നു. എട്ട് കോച്ചുകൾ എന്ന നിലയിലാണ് നിലവിൽ ഇവയുടെ നിർമ്മാണം പുരോഗമിക്കുന്നത്. ഇത് അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലായിരിക്കും മിനി വന്ദേഭാരതിന്റേയും നിർമ്മാണം.
Discussion about this post