ഇടുക്കി : ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റ് അയ്യപ്പൻകുടി സ്വാദേശിയ ശക്തിവേൽ ആണ് കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പന്നിയാർ എസ്റ്റേറ്റിൽ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാൻ എത്തിയതായിരുന്നു ശക്തിവേൽ. ഇതിനിടെയാണ് ആക്രമണം നടന്നത്.
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് നാട്ടുകാർ സംഭവം അറിയുന്നത്. ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണം നടത്തിയത് അരിക്കൊമ്പനെന്ന് നാട്ടുകാർ പറഞ്ഞു.
റോഡിൽ നിന്ന ഒറ്റയാനെ ഒറ്റ ശകാരം കൊണ്ട് കാട്ടിലേക്ക് പറഞ്ഞയക്കുന്ന ശക്തിവേലിന്റെ വീഡിയോ നേരത്തെ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിൽ പൂപ്പാറ മൂലത്തുറയ്ക്ക് സമീപം റോഡിലിറങ്ങിയ ഒറ്റയാന്റെ തൊട്ടടുത്തെത്തി ശകാരിച്ചാണ് കാട്ടിൽ കയറ്റിയത്. ”പോടാ, ഇങ്ക നിക്കാതെ കാട്ടിൽ കേറി പോടാ” എന്നാണ് ശക്തിവേൽ പറഞ്ഞത്. ഇത് കേട്ടപാടെ ആന പരുങ്ങി നിന്ന ശേഷം കാട്ടിലേക്ക് കയറിപ്പോകുകയായിരുന്നു. വാച്ചറുടെ ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.












